കുന്നംകുളം: പ്രസവ ചികിത്സക്ക് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാൻ നിന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കുന്നംകുളം പോക്സോ കോടതി 12 വർഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴയടക്കാനും വിധിച്ചു.
ആറ്റൂർ കണ്ടംപ്പുള്ളി സുരേഷിനെയാണ് (45) ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2019 ഒക്ടോബർ മാസത്തിൽ തൃശൂർ ദയ ആശുപത്രിയിൽ ഭാര്യയെ പ്രസവ ചികിത്സക്കായി അഡ്മിറ്റ് ചെയ്ത സമയത്ത് പരിചരിക്കാൻ നിന്നിരുന്ന യുവതിയെ, ഭാര്യയെ ലേബർ റൂമിൽ കൊണ്ടുപോയ തക്കത്തിൽ ആശുപത്രി മുറിയിലും 2012 കോയമ്പത്തൂരിലെ വീട്ടിലും 2019 ഡിസംബറിൽ പള്ളത്തുള്ള പ്രതിയുടെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
ആദ്യ സംഭവം മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാൽ വീട്ടുകാർക്കും നാട്ടുകാർക്കുമിടയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്.
സംഭവം അറിയാനിടയായ ഭാര്യ പ്രതിക്കെതിരെ കുടുംബകോടതിയിൽ കേസ് കൊടുത്തപ്പോൾ അതിജീവിതയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ 2021 ജനുവരിയിൽ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. ചെറുതുരുത്തി ഇൻസ്പെക്ടർ ആയിരുന്ന അൽത്താഫ് അലിയാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിന് എ.എസ്.ഐ എം. ഗീത, സി.പി.ഒ പ്രഭോബ് എന്നിവരും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.