ആലപ്പുഴ: ജില്ലയിൽ ഇ-പോസിനെയും വെട്ടിച്ച് റേഷൻ തിരിമറി വ്യാപകം. ബയോമെട്രിക് സംവിധാനത്തിലൂടെ ആധാർ അധിഷ്ഠിതമായി കാർഡുടമകളുടെ വിരലടയാളം പതിച്ചാണ് റേഷൻകടകൾ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടും റേഷൻ ഭക്ഷ്യധാന്യ തിരിമറി തടയാനാകുന്നില്ലെന്നതാണ് യാഥാർഥ്യം. കാർത്തികപ്പള്ളി താലൂക്കിലെ റേഷൻകടകൾക്ക് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്ന് 329 ചാക്ക് ഭക്ഷ്യധാന്യം പിടിച്ചെടുത്ത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
ഇ-പോസ് യന്ത്രം വഴി റേഷൻ വിതരണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഭക്ഷ്യധാന്യ തിരിമറി തടയാനാകുന്നില്ല. ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിച്ച് മാത്രമേ റേഷൻ വിതരണം ചെയ്യാവൂവെന്നാണ് നിയമം. വിരലടയാളം പതിഞ്ഞില്ലെങ്കിൽ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) ഉപയോഗിച്ചും വിതരണമാകാം. എന്നിട്ടും നെറ്റ്വർക്ക് തകരാർ പ്രശ്നമായാൽ മാത്രമേ മാന്വൽരീതി (പഴയ സംവിധാനം) ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ, ഉപഭോക്താക്കളുടെ വിരലടയാളം തെറ്റായി രേഖപ്പെടുത്തി 'മാന്വൽ' സംവിധാനം ദുരുപയോഗിച്ചാണ് പലയിടത്തും തട്ടിപ്പ്. സ്ഥിരമായി റേഷൻ വാങ്ങാത്ത കാർഡുടമകളുടെ പേരിലുള്ള ധാന്യവും ഒരുവിഭാഗം ആൾക്കാർ വെട്ടിക്കുന്നുണ്ട്. ഇത് കരിഞ്ചന്തക്കാർക്ക് റേഷൻധാന്യം കടത്താൻ ഏറെ സഹായകരമാണ്. ഇതിനൊപ്പം ഒരുവിഭാഗം റേഷൻ കടക്കാരും ഉദ്യോഗസ്ഥരും ലോറി കരാറുകാരും തൊഴിലാളികളും മാത്രമല്ല, സർക്കാർ നയങ്ങളും കരിഞ്ചന്തക്കാർക്ക് അനുകൂലഘടകമാണ്.
കോവിഡുകാലത്ത് മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയിൽ കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിച്ച ഭക്ഷ്യധാന്യവും പൂർണമായും ഗുണഭോക്താക്കളിലെത്തിയില്ല. ആവശ്യമുള്ളതിനേക്കാളേറെ ഭക്ഷ്യധാന്യം ലഭിച്ചപ്പോൾ പലരും വാങ്ങാതായി.
ചില കാർഡുടമകൾ വിരലടയാളം പതിപ്പിച്ച് ബില്ലടിച്ചശേഷം സമീപത്തെ വ്യാപാരികൾക്ക് നൽകുന്ന സ്ഥിതിയുണ്ട്. കിലോക്ക് 10 രൂപവരെ കാർഡുമടക്ക് നൽകി അരി വാങ്ങാൻ ഇടനിലക്കാരുടെ സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം ഒരുകിലോ അരിക്ക് മൂന്ന് മുട്ട പകരമായി നൽകുന്ന സംവിധാനം വഴിയും റേഷനരി കടത്തുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ച് റേഷൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.
മണ്ണെണ്ണയുടെ മറവിലും അരി കടത്ത്
ആലപ്പുഴ: നീല, വെള്ള, കാർഡുകാർ പലപ്പോഴും റേഷൻകടകളിൽനിന്ന് മണ്ണെണ്ണ മാത്രമാണ് പലപ്പോഴും വാങ്ങാറുള്ളത്. ഇതനായി ഇ-പോസിൽ വിരടയാളം നൽകുമ്പോൾ റേഷൻ വ്യാപാരികളിൽ ഇത്തരക്കാരുടെ കാർഡുകളിലെ മുഴുവൻ ഭക്ഷ്യധാന്യങ്ങളുടെയും ബില്ലടിക്കും. കാർഡുടമക്ക് മണ്ണെണ്ണ മാത്രം നൽകി മറ്റ് ഭക്ഷ്യധാന്യങ്ങൾ മറിച്ചുവിൽക്കുകയാണ് പതിവ്.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻകട പരിശോധിക്കുമ്പോൾ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തുമെങ്കിലും കാര്യമായ നടപടിയുണ്ടാകില്ല. റേഷൻ തിരിമറിയുമായി ബന്ധപ്പെട്ട് ഭക്ഷ്യധാന്യം പൊലീസ് പിടികൂടുമ്പോൾ മാത്രമാണ് പലപ്പോഴും നടപടിയുണ്ടാകുന്നത്. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ പൊതുവിതരണ വകുപ്പ് പരാതി പരിഹാര സെൽ രൂപവത്കരിച്ചിട്ടുണ്ട്. http://www.pg.civilsupplieskerala.gov.in/ എന്ന വെബ്സൈറ്റുവഴി പരാതി നൽകാം. ഓഡിയോ, വിഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ പരാതിയിൽ അപ്ലോഡ് ചെയ്യാം. തെറ്റായ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും.
ജി.പി.എസ് ട്രാക്കിങ് സംവിധാനമില്ല; ചോർച്ചയേറെ
ആലപ്പുഴ: ഗോഡൗണുകളിൽനിന്ന് റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന ലോറികളിൽ ജി.പി.എസ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ട്രാക്കിങ് സംവിധാനമില്ലാത്തതിനാൽ കരിഞ്ചന്തയിലേക്കുള്ള ഒഴുക്ക് ഏറെയാണ്. ലോറികൾ ഏതുവഴി പോയെന്ന് കണ്ടെത്താനാകുന്നില്ല. ഏതാനും മാസം മുമ്പാണ് ലോറികളിൽ ജി.പി.എസ് ഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക നടപടികൾ ഇനിയും ഏങ്ങുമെത്തിയിട്ടില്ല.
ജില്ലയിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ആറ് താലൂക്കലലായി 500ലധികം ലോറികളാണ് വേണ്ടത്. കരാർ എടുത്തവർക്ക് ജി.പി.എസ് ഘടിപ്പിച്ച ലോറികൾ മാത്രം ഉപയോഗിച്ച് ഭക്ഷ്യധാന്യ വിതരണം പൂർത്തിയാക്കാൻ കഴിയാറില്ല. അതിനാൽ മറ്റു ലോറികൾ വാടകക്കെടുത്തും ഓടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.