റാന്നി: കാർ വാടകക്കെടുത്തശേഷം പണം നല്‍കാതെ മറിച്ചുവിറ്റ കേസിൽ റാന്നി പൊലീസ് പിടിയിലായ ആളെ റിമാൻഡ് ചെയ്തു. റാന്നി സ്വദേശി ഇപ്പോള്‍ കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുന്ന ഗോഡ്ലി ദേവ് (46) ആണ് പിടിയിലായത്. വടശ്ശേരിക്കര കിടങ്ങിൽ അജിലാൽ ഒരുമാസം മുമ്പ് റാന്നി പൊലീസില്‍ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഇതേ കാർ വാടകക്ക് കൊടുത്ത് ലഭിച്ച 1.50 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു.
എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനത്തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിയെടുത്ത മറ്റൊരു കാറുമായാണ് ഇയാൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കാർ പാർക്കിങ് ഗ്രൗണ്ടിൽവെച്ച് പിടിയിലായത്. 90,000 രൂപ നൽകാമെന്ന് പറഞ്ഞ് ഉടമയെ പറ്റിച്ച് കൈക്കലാക്കിയതാണ് ഈ കാർ. അജിലാലിെൻറ കാർ പയ്യന്നൂർ പഴയങ്ങാടിയിൽനിന്ന് പൊലീസ് പിന്നീട് കണ്ടെടുത്തു. 2019ലാണ് അജിലാൽ ഗോഡ്ലിക്ക് കാർ കൈമാറിയത്.
വാടകയായി 1.50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് കാര്‍ വാങ്ങിയത്. നിരന്തരം ബന്ധപ്പെട്ടിട്ടും കാറോ പണമോ നല്കാന് ഗോഡ്ലി തയാറായില്ല. അജിലാല്‍ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഗോഡ്ലി മുങ്ങി. പലതവണ ഇയാൾ കാർ കൈമാറിയതായും അവസാനം 2.25 ലക്ഷം രൂപക്ക് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി സനൂപിന് വിറ്റെന്നും റാന്നി എസ്.ഐ എസ്.ടി. അനീഷ് പറഞ്ഞു. സനൂപിെൻറ പക്കൽനിന്നാണ് കാർ പൊലീസ് കണ്ടെടുത്തത്. ഇയാൾ വേറെയും വാഹനങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 25 ലക്ഷം രൂപയുടെ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയുടെ പക്കൽനിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും കേസുണ്ട്. ഇയാൾക്കെതിരെ പത്തോളം പരാതികൾ ലഭിച്ചതായും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.