ആലപ്പുഴ: കൊച്ചിയിൽനിന്ന് കാണാതായ സുഭ്രദയുടേത് ക്രൂര കൊലപാതകമെന്ന് പൊലീസ്. വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഫോറൻസിക് വിഭാഗം അന്വേഷണസംഘത്തിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കൊച്ചി കടവന്ത്ര കർഷക റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹമാണ് ചൊവ്വാഴ്ച കലവൂരിലെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിഥിൻ-33) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും(30)ഒളിവിലാണ്. ഇവർ ഉഡുപ്പിക്കടുത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്കായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികനിഗമനം.സുഭദ്രയുടെ വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്.
കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. ചവിട്ടും ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വാടകവീട്ടിൽ കുഴിയെടുത്ത് നൽകിയ മണ്ണഞ്ചേരി കാട്ടൂർ കിഴക്കേവെളിയിൽ വീട്ടിൽ ഡി.അജയനെ (39) ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് സംഭവം. സുഭദ്രയെ കാണാനില്ലെന്ന് കാണിച്ച് മകൻ രാധാകൃഷ്ണനാണ് പരാതി നൽകിയത്. ഫോൺവിളികൾ പരിശോധിച്ചപ്പോൾ സുഭദ്ര കലവൂരിൽ വന്നതായി കണ്ടെത്തി. ആഗസ്റ്റ് നാലിന് എറണാകുളം സൗത്തിൽ നിന്ന് ഒരു സ്ത്രീക്കൊപ്പം പോകുന്ന സി.സി.ടി.വി ദൃശ്യവും ലഭിച്ചു.
ഒപ്പമുള്ളത് ശർമിളയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. കാണാതാകുമ്പോൾ സുഭദ്ര ധരിച്ച ആഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും പണയംവെച്ചതിന്റെ രേഖകൾ പൊലീസ് കണ്ടെടുത്തു. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് ഏഴിന് സുഭദ്രയെ കണ്ടതായി കുഴിവെട്ടിയ അജയൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്ന് മാത്യുവിന്റെ കുടുംബം പറയുന്നുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.