താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്സ് ജ്വല്ലറിയിൽനിന്ന് വെള്ളിയാഴ്ച ആഭരണങ്ങൾ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബാലുശ്ശേരി അവിടല്ലൂർ താന്നികോത്ത് മീത്തൽ സതീശനാണ് (37) ജില്ല റൂറൽ എസ്.പിയുടെ കീഴിലുള്ള അന്വേഷണസംഘം താമരശ്ശേരി ചുങ്കത്തുവെച്ച് അറസ്റ്റ് ചെയ്തത്. ജൂൺ നാലിന് രാത്രിയാണ് താമരശ്ശേരി കാരാടിയിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള സിയാ ഗോൾഡ് വർക്സിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് ഗ്ലാസ് ഡോർ കമ്പി ഉപയോഗിച്ച് തുറന്ന് പ്രതി അലമാരയിൽ സൂക്ഷിച്ച അരകിലോയോളം വരുന്ന ആഭരണങ്ങൾ കവർച്ച നടത്തിയത്. ലോക്കർ തുറക്കാൻ പറ്റാത്തതിനാൽ സ്വർണാഭരങ്ങൾ നഷ്ടപ്പെട്ടില്ല. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സതീശൻ.
മുൻകൂട്ടി കണ്ടുവെച്ച ജ്വല്ലറി പരിസരത്ത് സംഭവദിവസം രാത്രി ഒമ്പതോടെ എത്തിയ പ്രതി രാത്രി ആളൊഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നും പുലർച്ചയാണ് കവർച്ച നടത്തിയതെന്നും പൊലീസ് പറഞ്ഞു. ബാലുശ്ശേരി, കുറ്റ്യാടി, തൊട്ടിൽപാലം, മേപ്പയൂർ, കൊയിലാണ്ടി സ്റ്റേഷനുകളിലായി നിരവധി വ്യാപാര സ്ഥാപനങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും മോഷണം നടത്തിയതിന് പലതവണ ജയിൽ വാസമനുഷ്ഠിച്ചിട്ടുണ്ട്. താമരശ്ശേരി ഡിവൈ.എസ്.പി പി.എം. വിനോദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, സ്പെഷൽ സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, സീനിയർ സി.പി.ഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, താമരശ്ശേരി എസ്.ഐ സജേഷ്, സി. ജോസ്, എ എസ്.ഐ ഷാജ് മോഹൻ, കെ. രഞ്ജിത്ത്, സൈബർസെൽ അംഗങ്ങളായ എ.എസ്.ഐ കെ. ശ്രീജിത്ത്, സീനിയർ സി.പി.ഒ ജി. അമൃത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.