ആറ്റിങ്ങൽ: നഗരമധ്യത്തിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂർ ഋഷിമംഗലം ചിറക്കുളം കോളനിയിൽ ടി.സി 27/2135 വീട്ടിൽ നിന്നും തമ്പാനൂർ തൈക്കാട് രാജാജി നഗറിന് സമീപം വിള്ളിയപ്പൻ ലെയ്നിൽ താമസിക്കുന്ന സിംഹക്കുട്ടി എന്നും കള്ളൻകുമാർ എന്നും കൊക്കി എന്നും പേരുകളിൽ അറിയപ്പെടുന്ന അനിൽകുമാറാണ്(44) പൊലീസിന്റെ പിടിയിലായത്.
ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻകോവിലിന് സമീപം ദിൽ വീട്ടിൽ ഏഴിന് ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങളും 1.5 ലക്ഷം രൂപയും കവരുകയായിരുന്നു. രാവിലെ 8.30ന് വീട് പൂട്ടി വീട്ടുകാർ തിരുവനന്തപുരത്തേക്ക് പോയി. 11.45നും 12.10 നും ഇടക്ക് മതിൽ ചാടിക്കടന്ന് വീടിന്റെ മുൻവാതിൽ പാളിയുടെ ഒരു ഭാഗം ചുറ്റികയും ഉളിയും ഉപയോഗിച്ച് പൊളിച്ച് ഇളക്കിമാറ്റി വീടിനകത്ത് കടന്ന് കവർച്ച നടത്തുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായൺ, ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാൽ എന്നിവരുടെ നേതൃത്യത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. നിരവധി സി.സി.ടി.വി ദൃശ്യങ്ങളിൽ മാസ്ക് ധരിച്ചയാളെ വീടിന്റെ പരിസരത്ത് കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾ കുപ്രസിദ്ധ മോഷ്ടാവാണെന്ന് മനസ്സിലായി. പ്രതി തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീവരാഹത്തുള്ളതായ രഹസ്യവിവരപ്രകാരം അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ .ജി, എസ്.ഐമാരായ ജിഷ്ണു, ബിജു, എസ്.സി.പി.ഒമാരായ ശരത് കുമാർ, നിധിൻ, പ്രശാന്ത്, പ്രദീപ്, മനോജ്, രാജീവൻ എന്നിവരടങ്ങിയതായിരുന്നു അന്വേഷണസംഘം.
അമ്പതിൽപരം മോഷണക്കേസുകളിലുൾപ്പെട്ടയാളും പതിനഞ്ചോളം കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതി. ഒക്ടോബർ 13നാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. മോഷണസമയം കൈയുറ ധരിക്കുന്ന പ്രതി തന്റെ വിരലടയാളം കിട്ടാത്ത രീതിയിലാണ് കുറ്റകൃത്യം ചെയ്യുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.