തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ കൂട്ടാളികളും കമ്പനി ഡയറക്ടർമാരുമായ രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വെളുത്തൂർ കൈപ്പുള്ളി വീട്ടിൽ പ്രജിത്ത് മോഹനൻ (30), പാവറട്ടി വെന്മേനാട് തൂമ്മാട്ട് വീട്ടിൽ മനീഷ് (34) എന്നിവരെയാണ് തൃശൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.ആർ. സന്തോഷ് അറസ്റ്റ് ചെയ്തത്.
സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്നീ പണമിടപാട് സ്ഥാപനങ്ങൾ വഴി 300 കോടിയോളം രൂപയാണ് റാണയും കൂട്ടാളികളും തട്ടിയെടുത്തിട്ടുള്ളത്. ഉയർന്ന ലാഭവിഹിതം പരസ്യങ്ങളിലൂടെയും സ്ഥാപനത്തിലെ സ്റ്റാഫുകൾ മുഖാന്തരവും വാഗ്ദാനം ചെയ്തായിരുന്നു റാണയും കൂട്ടാളികളും നിക്ഷേപകരെ ആകർഷിച്ചിരുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം ഫ്രാഞ്ചൈസി എന്ന പേരിൽ ധാരണപത്രവും ഒപ്പിട്ട് നൽകിയിരുന്നു.
നിക്ഷേപകരെ വിശ്വസിപ്പിക്കത്തക്കരീതിയിൽ ഇവർ പല കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ആഡംബര ജീവിതത്തിനും സിനിമ നിർമാണത്തിനും പ്രതികളുടെയും ബന്ധുക്കളുടെയുമൊക്കെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടാനാണ് വിനിയോഗിച്ചിരുന്നത്.
പ്രവീൺ റാണയുടെ വിശ്വസ്തനായിരുന്നു മനീഷ്. 2014 മുതൽ കമ്പനികളുടെ അക്കൗണ്ടന്റും 2019 മുതൽ ഷെയർ ഹോൾഡറും ഡയറക്ടറുമാണ്. പ്രജിത്ത് പ്രവീൺ റാണയുടെ പിതൃസഹോദരന്റെ മകനും 2019 മുതൽ ഡയറക്ടറുമാണ്. കെ.പി. പ്രവീൺ എന്ന പ്രവീൺ റാണ ഒളിവിൽ കഴിയുന്നതിനിടെ കോയമ്പത്തൂരിൽനിന്ന് ജനുവരിയിൽ അറസ്റ്റിലായി റിമാൻഡിലാണ്.
കോടതിയിൽ ഹാജറാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 100 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായ കെ.എസ്. സുദർശനാണ് കേസിൽ മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.