യു.പിയിൽ എസ്.പി നേതാവ് കൊല്ലപ്പെട്ടു; ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഓം പ്രകാശ് സിങ് എന്നയാളെ വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

പോസ്റ്റ്‌മോർട്ടം നടത്തി സിങിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തെങ്കിലും അന്ത്യകർമങ്ങൾ നടത്താൻ വീട്ടുകാർ വിസമ്മതിച്ചു. പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകൾ നടത്തുകയുള്ളൂവെന്ന് വീട്ടുകാർ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് യോഗേഷ് പ്രതാപ് സിങ്, മുൻ എം.എൽ.എ ബൈജ്‌നാഥ് ദുബെ, മറ്റ് പാർട്ടി നേതാക്കളും അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിരുന്നു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (വെസ്റ്റ്) രാധശ്യാം റായിയും കേണൽഗഞ്ച് പൊലീസ് സർക്കിൾ ഓഫീസർ ചന്ദ്രപാൽ ശർമ്മയും സംഭവസ്ഥലത്തെത്തി. ഉടൻ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.

സിങിന്‍റെ ഭാര്യ നീലത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരസ്പൂർ നഗർ പഞ്ചായത്തിലെ ബി.ജെ.പി കൗൺസിലറായ ഉദയ്ഭൻ സിങ് എന്ന ലല്ലൻ സിങ്, അദ്ദേഹത്തിൻ്റെ മൂന്ന് ആൺമക്കൾ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഭർത്താവിനെയും മകനെയും മർദിച്ചുവെന്നും രണ്ട് തവണ തങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നും നീലം പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് നടപടിയുണ്ടായില്ല. മുമ്പ് നൽകിയ പരാതികളിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ തന്‍റെ ഭർത്താവ് ജീവിച്ചിരിക്കുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Samajwadi Party leader killed in Gonda; Case against five people including BJP councillor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.