മാള: കാറിൽ 78.7 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിച്ച മൂന്നുപേർ മാളയിൽ പിടിയിലായി. മാള കല്ലൂർ വൈന്തല ആട്ടോക്കാരൻ വീട്ടിൽ മനു ബേബി (28), കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൻപുര വീട്ടിൽ ഷാഹിദ് മുഹമ്മദ് (28), പാലക്കാട് പറളി തേനൂർ സ്വദേശി തടത്തിൽ സണ്ണി ജോസ് ജോൺ (27) എന്നിവരെയാണ് മാള സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിനിമാസ്റ്റൈലിൽ പിന്തുടർന്നാണ് പ്രത്യേക പൊലീസ് സംഘം ഇവരെ പിടികൂടിയത്. തൃശൂർ പുതുക്കാടുനിന്ന് അമിത വേഗത്തിൽ വാഹനമോടിച്ച ഇവർ ചാലക്കുടി മുരിങ്ങൂർ എത്തിയപ്പോൾ ഹൈവേ അടിപ്പാതയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്നതിനാൽ വൈന്തല കല്ലൂർ പാടത്ത് കാർ ഉപേക്ഷിച്ച് ഇവർ ഇറങ്ങിയോടി. ഒടുവിൽ ചളിയും പായലും നിറഞ്ഞ പാടത്തുകൂടി ഓടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. മൂവരെയും ചോദ്യംചെയ്തതിൽ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇവർ സഞ്ചരിച്ച കെ.എൽ 09 എ.ജെ 3063 നമ്പർ ഹ്യുണ്ടായ് ആക്സന്റ് കാറിൽനിന്ന് വിശദ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അന്നമനട വഴി ചെറായിയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ഷാഹിദ് മുമ്പും ബംഗളൂരുവിൽ സമാന കേസിന് പിടിയിലായിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചതിന് മനുവിന്റെ പേരിൽ കേസുണ്ട്. ഇവർക്ക് മയക്കുമരുന്ന് നൽകിയവരെക്കുറിച്ചും ഉപഭോക്താക്കളെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി കെ. സുമേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. പൊലീസ് സംഘത്തോടൊപ്പം ഡാൻസാഫ് ക്രൈംസ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.