അഞ്ചൽ: മലമേലിൽ സ്വകാര്യ ഭൂമിയിൽ വളർന്നുവന്ന ചന്ദനമരം രാത്രിയിൽ മുറിച്ചുകടത്തി. മുപ്പതു വർഷത്തോളം വളർച്ചയെത്തിയ കാതലുള്ള ചന്ദനമാണ് മുറിച്ച് കടത്തിയത്. ശിഖരങ്ങൾ വെട്ടിമാറ്റിയിട്ട നിലയിലാണ്. മുറിച്ചു മാറ്റിയ തടിയുടെ കുറ്റിക്ക് മുപ്പത് ഇഞ്ച് വ്യാസമുണ്ട്. ഈ വസ്തുവിലുണ്ടായിരുന്ന റബ്ബർ മരങ്ങൾ ഒരു വർഷം മുമ്പ് മുറിച്ച് മാറ്റിയതിനാൽ ചന്ദനമരം ഒറ്റപ്പെട്ട് വളരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വസതു ഉടമയെത്തിയപ്പോളാണ് മരംമുറിച്ചുകടത്തിയതായി കണ്ടത്.ഉടൻ തന്നെ അഞ്ചൽ പൊലീസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, അറക്കൽ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ വസ്തു ഉടമ രേഖാമൂലം പരാതി നൽകി. ഇതേത്തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധനടത്തി.
തൊട്ടടുത്ത സ്വകാര്യ പുരയിടത്തിലും റവന്യൂ, ദേവസ്വം ബോർഡ് ഭൂമിയിലും നിരവധിയായ ചന്ദന മരങ്ങൾ വളരുന്നുണ്ട്. ഒരു വിധം വളർച്ചയെത്തുന്നവയെല്ലാം കൊള്ളക്കാർ മുറിച്ചു കടത്തുകയാണ് പതിവ്. ഏതാനും മാസം മുമ്പും മലമേൽക്ഷേത്ര പരിസരത്തു നിന്നും ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. ഇവിടത്തെ ചന്ദന മരങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനേതരഭൂമിയിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ കാണപ്പെടുന്ന സ്ഥലമാണ് മലമേൽ.
ചിത്രം. മോഷ്ടാക്കൾ മുറിച്ചുകടത്തിയ ചന്ദനമരത്തിന്‍റെ കുറ്റി.(KE ACL - 2 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.