കൊൽക്കത്ത: ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അജിത് മൈതി അറസ്റ്റിൽ. ഞായറാഴ്ച വൈകീട്ട് പ്രദേശവാസികൾ പിടികൂടി വീട്ടിൽ നാലു മണിക്കൂറോളം പൂട്ടിയിട്ട അജിത് മൈതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖിന്റെ അടുത്ത അനുയായിയാണ് ഇയാൾ. സ്ത്രീകളെ പീഡിപ്പിച്ചതടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെയും ഉയർന്നിരുന്നു.
ഷാജഹാൻ ശൈഖിനെതിരെ 70ഓളം പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഷാജഹാന്റെ സഹോദരൻ സിറാജുദ്ദീനു പകരം തൃണമൂൽ ഏരിയ പ്രസിഡന്റായി അജിത് മൈതിയെ നിയമിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്. പ്രാദേശിക തൃണമൂൽ നേതാക്കളായ ഷിബ പ്രസാദ് ഹസ്റ, ഉത്തം സർദാർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
സംഘർഷം തുടരുന്ന സന്ദേശ്ഖലിയിൽ ഗ്രാമവാസികൾ തിങ്കളാഴ്ച തൃണമൂൽ നേതാവ് ശങ്കർ സർദാറിന്റെ വീട് ആക്രമിച്ചു. ഈ സമയം ശങ്കർ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾക്ക് ക്രൂരമർദനമേറ്റു. പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. അതിനിടെ, ഒളിവിലുള്ള ഷാജഹാൻ ശൈഖിനെ അറസ്റ്റ് ചെയ്യാൻ തടസ്സമില്ലെന്ന് കൽക്കത്ത ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.