കോട്ടയം: മയക്ക് മരുന്ന് വിൽപനക്ക് ഏറെ മാർഗങ്ങൾ സ്വീകരിച്ചവരെ കേരള പൊലീസ് കണ്ടിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു കേന്ദ്രം ആദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നായ്ക്കളുടെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം നടത്തുന്നയാള്‍ പൊലീസിന് നേരേ പട്ടികളെ അഴിച്ചുവിട്ടിരിക്കുകയാണ്.
കുമാരനെല്ലൂരിലെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പിടികൂടിയത്. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന 'ഡെല്‍റ്റ കെ-9' നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പൊലീസിന്റെ പരിശോധന. എന്നാല്‍, പൊലീസിനെ കണ്ടതോടെ നായ്ക്കളെ അഴിച്ചുവിട്ട റോബിന്‍ ജോര്‍ജ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായെങ്കിലും ഉടനെ ഡോഗ് സ്ക്വാഡിനെ അടക്കം വിളിച്ചുവരുത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്.
പിറ്റ്ബുള്‍, റോട്ട്വീലര് എന്നിവ അടക്കമുള്ള മുന്തിയ ഇനത്തിലുളള 13 നായ്ക്കളെയാണ് റോബിന്‍ വളര്‍ത്തുന്നത്. കാക്കി കണ്ടാല്‍ ആക്രമിക്കാനുള്ള പ്രത്യേക പരിശീലനമാണ് നായ്ക്കള്‍ക്ക് നല്‍കുന്നതെന്ന് കോട്ടയം എസ്.പി കെ.കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നാണ് പറയപ്പെടുന്നത്. നായ്ക്കൾ പരിശീലനം നൽകുന്നതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.