ന്യൂഡൽഹി: സ്ത്രീകളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ റിക്വസ്റ്റ് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മറ്റു മൂന്നു പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി ഡൽഹി പൊലീസ് സൈബർ സെൽ അറിയിച്ചു.
രാജസ്ഥാനിൽനിന്ന് ആസൂത്രണം ചെയ്യുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഒമ്പതോളം പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളായിതിന് ശേഷം വാട്സ്ആപ് നമ്പർ ചോദിക്കും. പിന്നീടാണ് തട്ടിപ്പിന്‍റെ തുടക്കമെന്ന് സൈബർ സെൽ ഡി.സി.പി കെ.പി.എസ്. മൽഹോത്ര പറഞ്ഞു.
വാട്സ്ആപ് നമ്പർ നൽകിയാൽ ഇരയുടെ മുഖം പതിച്ച മോർഫ് ചെയ്ത അശ്ലീല വിഡിയോ അയച്ചുനൽകും. പണം നൽകിയില്ലെങ്കിൽ വിഡിയോ ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തും. പരാതിക്കാരിൽ ഒരാൾ ഇത്തരത്തിൽ 1,96,000 രൂപ തട്ടിപ്പുസംഘത്തിന് കൈമാറിയതായും പൊലീസ് പറയുന്നു.
അസമിൽ രജിസ്റ്റർ ചെയ്തവയാണ് പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ. രാജസ്ഥാനിലാണ് ഇവയുടെ ഉപയോഗം. പരാതിക്കാരൻ നൽകിയ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തിൽ ഭരത്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഷണ സംഘത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.
ഹക്കീമുദ്ദീൻ എന്ന 23കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേർ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
മോർഫ് ചെയ്ത വിഡിയോക്ക് പുറമെ, വിഡിയോ കോൾ വഴിയും ഇവർ തട്ടിപ്പുനടത്തിരുന്നു. വാട്സ്ആപ് നമ്പറിൽ വിഡിയോ കോൾ ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തിയും ഇവർ പണം തട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.