13 മാസത്തിനിടെ കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ; എല്ലാവരെയും കൊന്നത് കഴുത്തുഞെരിച്ച് -സീരിയൽ കില്ലറെ കണ്ടെത്താനാകാതെ യു.പി പൊലീസ്

ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിലെ വിവിധി പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 മാസത്തിനിടെ കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ. മരിച്ചവ എട്ടുപേർ 45നും 55നും ഇടയിൽ പ്രായമുള്ളവരാണ്. കൊലപാതക രീതിയും മൃതദേഹങ്ങൾ കണ്ടെത്തുന്ന സ്ഥലങ്ങളുമെല്ലാം ഒരു പോലെയാണ്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ ജയിലിലടച്ചിട്ടും കൊലപാതകങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. കഴുത്തുഞെരിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതും അവർ ധരിച്ചിരുന്ന സാരിയുപയോഗിച്ച്.

2023 ജൂൺ അഞ്ചിന് മീററ്റിലെ പാർതാപൂരിൽ ആണ് ആദ്യമായി കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് കലാവതി എന്ന് പേരുള്ള മധ്യവയസ്ക. പൊലീസ് പ്രതിയെ അന്വേഷിക്കുന്നതിനിടെ ജൂൺ 19ന് കൽച്ച ഗ്രാമത്തിൽ സമാന രീതിയിൽ മറ്റൊരു സ്ത്രീയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരിമ്പു തോട്ടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തത് 2024 ജൂലൈ മൂന്നിനായിരുന്നു. ഹൊസ്ദൂർ ഗ്രാമത്തിലെ അനിത ദേവി എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. ഫത്തേഹ്ഗഞ്ചിലെ തന്റെ മാതൃഭവനത്തിലേക്ക് പോയതായിരുന്നു അനിത. ജൂലൈ രണ്ടിന് വീട്ടിൽ നിന്നിറങ്ങിയ അനിത ബാങ്കിൽ നിന്ന് പണവും പിൻവലിച്ചിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഇരകളുടെ വസ്ത്രങ്ങൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചു. എന്നാൽ, കൊല്ലപ്പെട്ട സ്ത്രീകളിൽ ആരും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടില്ല. കൊലപാതകത്തിന് പിന്നിൽ സീരിയൽ കില്ലറാണോ എന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ രേഖാചിത്രം ബറേലി പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് ജയിൽ മോചിതരായവരും ജാമ്യത്തിൽ ഇറങ്ങിയവരുമായ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ജൂണിൽ മൂന്ന് കൊലപാതവും ജൂലൈയിൽ ഒരെണ്ണവും ആഗസ്റ്റിലും ഒക്ടോബറിലും രണ്ടെണ്ണം നവംബറിലുമാണ് നടന്നത്. എട്ടാമത്തെ കൊലപാതകം നടന്നുകഴിഞ്ഞപ്പോൾ, 300 അംഗപൊലീസുകാർ 14 ടീമുകളായി തിരിഞ്ഞ് സിവിൽ ഡ്രസിൽ വിവിധയിടങ്ങളിൽ പ്രതികൾക്കായി അ​ന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല.

Tags:    
News Summary - Serial Killer In UP? 9 Women Murdered In 13 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.