വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന; കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് കൊടുങ്ങയ്യൂരിൽ വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന. സംഭവത്തിൽ അഞ്ച് കോളജ് വിദ്യാർഥികളടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഒരുകോടി രൂപ വിലവരുന്ന മെത്താഫെറ്റമിൻ പിടികൂടി.

ഫ്ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുൺകുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യൻ എം.എസ്‌.സി കെമിസ്ട്രി വിദ്യാർഥിയാണ്. പ്രവീൺ, കിഷോർ, നവീൻ, ധനുഷ് എന്നിവർ അടുത്തയിടെ റോബട്ടിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയവരാണ്. ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി.

ഇംഗ്ലീഷ് ടി.വി സീരീസ് കണ്ടാണ് ഇവർ വീട്ടിൽ ലാബ് ഒരുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചില രാസവസ്തുക്കൾ ഓൺലൈനിൽനിന്നും വാങ്ങിയിട്ടുണ്ട്. കേസിൽ മറ്റു ചിലർക്കും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലഹരിമരുന്ന് വാങ്ങാൻ ബെംഗളൂരുവിൽ നിന്നടക്കം ആവശ്യക്കാരെത്തിയിരുന്നതായും പൊലീസ് പറയുന്നു.

രണ്ട് മൊബൈൽ ഫോണുകൾ, ഒരു കെമിക്കൽ വെയിങ് മെഷീൻ, ലാബ് ഉപകരണങ്ങൾ, ജാറുകൾ, ടെസ്റ്റ് ട്യൂബുകൾ, പിപ്പറ്റുകൾ, ബ്യൂററ്റുകൾ, ഗ്ലാസ് ജാറുകളിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത രാസവസ്തുക്കൾ എന്നിവ പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പുതുതായി രൂപീകരിച്ച ആന്റി ഡ്രഗ് ഇന്റലിജൻസ് യൂണിറ്റാണ് സംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - seven-students-arrested-for-running-meth-lab-at-home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.