എരുമപ്പെട്ടി: മാരകായുധങ്ങളുമായി കവർച്ചക്കെത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുത്തു.
വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് ആയുധങ്ങളും മയക്കുമരുന്നും അടക്കം യുവാക്കളെ പിടികൂടിയത്. മലപ്പുറം സ്വദേശികളായ കുറ്റിപ്പുറം കുളക്കാട് ദേശം വടക്കേക്കര വീട്ടിൽ മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂർ പുന്നത്തൂർ ദേശം കരിങ്ങപ്പാറ വീട്ടിൽ ഷെഫീഖ് (28), അനന്തപുരം പട്ടർനടക്കാവ് ദേശം ചെറിയാങ്കുളത്ത് വീട്ടിൽ അബ്ദുൽ റഷീദ് (31), കുറുമ്പത്തൂർ വെട്ടിച്ചിറ ദേശം വലിയപീടിക്കൽ വീട്ടിൽ മുഹമ്മദ് മുസ്തഫ (33), ഒതുക്കുങ്ങൽ മറ്റത്തൂർ ദേശം കാവുങ്കൽ വീട്ടിൽ നിഷാദ് അജ്മൽ (23), കുറുമ്പത്തൂർ പുന്നത്തൂർ ദേശം കരിങ്ങപ്പാറ വീട്ടിൽ അബ്ദുല്ല ആദിൽ (20) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 11.30ന് എരുമപ്പെട്ടി പൊലീസ് പാഴിയോട്ടു മുറിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൈ കാണിച്ചിട്ടും ഇവർ സഞ്ചരിച്ച കാർ നിർത്താതെ പോയത്. കാറിനെ പിന്തുടർന്ന് കരിയന്നൂരിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആറംഗ സംഘത്തിൽനിന്ന് പെപ്പർ സ്പ്രേ, കത്തി, 0.640 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ഇവർ കവർച്ച നടത്താനായി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നിരോധിത മയക്കുമരുന്ന് വ്യാപനം തടയുന്നതിനായുള്ള തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നിർദേശനുസരണം നടപ്പാക്കിയ സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്‍റെ നേതൃത്വത്തിലാണ് എരുമപ്പെട്ടി പൊലീസ് പരിശോധന നടത്തിയത്. ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐമാരായ ടി.സി. അനുരാജ്, കെ.പി. ഷീബു, ജി.എസ്.സി.പി.ഒമാരായ കെ.വി. സുഗതൻ, ടി.സി. സേവിയർ, കെ.എസ്. അരുൺകുമാർ, പി.ബി. മിനി, സി.പി.ഒമാരായ കെ.എസ്. സുവിഷ്‌കുമാർ, എസ്. അഭിനന്ദ്, കെ.വി. സതീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.