പത്തനംതിട്ട: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമ പ്രകാരം ജില്ലയിൽ നടപടികൾ ശക്തമായി തുടർന്നുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ. ഈവർഷം ഇതുവരെ ഒമ്പതു പേരെ ജയിലിൽ അടക്കാൻ കലക്ടർ ഉത്തരവായി. ഇതിൽ എട്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. മേഖല ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച് ഏഴ് കുറ്റവാളികളെ നാടുകടത്തുകയും ചെയ്തു. ഇതിൽ രണ്ടുപേർ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവിനെ ആറു മാസത്തേക്ക് നാടുകടത്തിയതും കലക്ടറുടെ ഉത്തരവ് അനുസരിച്ച് പറക്കോട് സ്വദേശിയെ ജയിലിലാക്കിയതും ഏറ്റവും ഒടുവിലെ നടപടികളാണ്. വള്ളിക്കോട് മണിമല കിഴക്കേതിൽ ആരോമലാണ് (21) നാടുകടത്തപ്പെട്ടത്. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട മൂന്ന് കേസിൽ ഇയാൾ പ്രതിയാണ്. കൂടാതെ, കോന്നിയിലെ ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ കണ്ണപ്പൻ എന്ന നിർമൽ ജനാർദനനെയും (32) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. അടൂർ, പന്തളം, പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പതിനഞ്ചിലധികം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ വർഷം അടൂർ ജനറൽ ആശുപത്രിക്ക് സമീപം കാറിടിപ്പിച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട പ്രതി, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഏപ്രിലിൽ പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും പ്രതിയായി. റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഗുണ്ട നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയനായത്.
കഴിഞ്ഞ ദിവസം, വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമ പ്രകാരമുള്ള കരുതൽ തടങ്കലിൽ കഴിഞ്ഞുവരുന്ന നിരവധി ക്രിമിനൽ കേസുകളിൽ കൂട്ടുപ്രതിയായ അജ്മലിനെ കാണാൻ ഇയാൾ പോയിരുന്നു. തിരികെ വരുന്ന വഴി തിരുവല്ലയിലും ചെങ്ങന്നൂരും വെച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പിന്നാലെ നീങ്ങിയ പൊലീസ് പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപത്തുനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.