ന്യൂഡൽഹി: ബോളിവുഡ് നടി അമീഷ പട്ടേലിനെതിരായ വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന കുറ്റങ്ങളിലെ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് നടി സമർപ്പിച്ച ഹർജിയിൽ ഝാർഖണ്ഡ് സർക്കാറിന് നോട്ടീസ് അയച്ചത്. എന്നിരുന്നാലും, കുറ്റകൃത്യങ്ങൾക്കുള്ള നടപടികൾ നിയമാനുസൃതമായി തുടരുമെന്ന് സുപ്രീം കോടതി പറഞ്ഞു.
തനിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനുള്ള ഹരജി തള്ളിയ ഝാർഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെതിരെ അമീഷ പട്ടേൽ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
നിർമാതാവ് അജയ് കുമാർ സിങ് നൽകിയ പരാതിയിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406, 420, 34, നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് സെക്ഷൻ 138 എന്നിവ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നത്. ദേശി മാജിക് എന്ന സിനിമയുടെ നിർമാണത്തിനായി നടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അജയ് കുമാർ സിങ് 2.5 കോടി രൂപ ട്രാൻസ്ഫർ ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ, അമീഷ പട്ടേൽ വാഗ്ദാനം ചെയ്തതുപോലെ സിനിമയുമായി മുന്നോട്ട് പോയില്ല, പണവും തിരികെ നൽകിയിരുന്നില്ല. ഇതോടെയാണ് നിർമാതാവ് നടിക്കെതിരെ കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.