ഗുരുഗ്രാം(ഹരിയാന): പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അമ്മയെ മകൻ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് വിധവയായ സോന ദേവിയെ (40) മകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ മകൻ പ്രവേഷിനെ (21) അറസ്റ്റ് ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഭർത്താവ് മരിച്ചതിനെ തുടർന്ന് സ്വദേശമായ ഹിസാറിലെ ഗാർഹിയിലേക്ക് മടങ്ങിയ സോന, ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ വാർഡനായി ജോലി ചെയ്യുകയായിരുന്നു. ആറു മാസം മുമ്പ് ജോലി ഉപേക്ഷിച്ചെങ്കിലും ഇതേ ഗ്രാമത്തിൽ വാടകക്ക് മുറിയെടുത്താണ് കഴിഞ്ഞിരുന്നത്. സോനിപത്തിലെ ജാട്ട്‌വാഡാ മൊഹല്ലയിൽ താമസിച്ചിരുന്ന മകൻ പ്രവേഷ് ഇടക്കിടെ ഇവരെ കാണാൻ വരാറുണ്ട്. ആഗസ്റ്റ് ആറിന് കാണാനെത്തിയപ്പോഴാണ് അമ്മയെ നിരവധിതവണ കുത്തുകയും ശ്വാസംമുട്ടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തത്. ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. മുറിയിൽനിന്ന് ദുർഗന്ധം വരുന്നെന്ന് ഉടമ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം അറിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സോനയുടെ സഹോദരൻ പർവീന്ദറാണ് സംഭവത്തിൽ പ്രവേഷിനെ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞത്. വ്യാഴാഴ്ച റോത്തക്കിൽനിന്ന് പ്രതിയെ പിടികൂടി. അമ്മക്ക് ഒരാളുമായി അടുപ്പമുണ്ടെന്നും ഫോണിൽ സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.