കരിപ്പൂർ: യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയ സംഭവം റിപ്പോർട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എയർ കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവിൽദാർ സനിത് എന്നിവരെയാണ് അന്വേഷണ വിധേയമായി കസ്റ്റംസ് കമീഷണർ സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 26ന് ദുബൈയിൽ നിന്ന് ഒതായി സ്വശേദി ശിഹാബ് എന്ന യാത്രികൻ സ്വർണവുമായി എത്തുന്നതായി കസ്റ്റംസിനും പൊലീസിനും വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇയാളെ തടഞ്ഞുനിർത്തി. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പൊലീസും ഇയാളെ ചോദ്യം ചെയ്തു. സ്വർണം കസ്റ്റംസിന് കൈമാറിയതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു ക്യാപ്സൂൾ കണ്ടെത്തി.
പിടികൂടിയ സ്വർണം കസ്റ്റംസ് രജിസ്റ്റർ ചെയ്തില്ലെന്ന് മനസ്സിലായതിനെ തുടർന്ന് പൊലീസ് ജോ. കമീഷണർക്ക് റിപ്പോർട്ട് നൽകി. പിന്നീട് നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. പ്രിവന്‍റിവ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കരിപ്പൂരിലെത്തിയ യാത്രികനെ പരിശോധനക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.
അതേ സമയം, സ്വർണം തങ്ങൾ എടുത്തിട്ടില്ലെന്ന നിലപാടിലാണ് നടപടിക്ക് വിധേയരായ രണ്ട് ഉദ്യോഗസ്ഥരും. വിഷയത്തിൽ കസ്റ്റംസിന്‍റെ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.