കൊച്ചി: സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹരജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. സ്വപ്നയുടെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ കേസ് മാറ്റിയത്.
മറ്റു ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്‌ന വ്യാജമൊഴി നൽകിയെന്നും മുഖ്യമന്ത്രിയെയും സർക്കാറിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജലീൽ ചെയ്ത കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്നത് തടയാനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് ഹരജിയിലെ ആരോപണം.
സമാന വിഷയത്തിൽ പാലക്കാട് സ്വദേശി സി.പി. പ്രമോദ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജിയും സ്വപ്ന ചൊവ്വാഴ്ച ഹൈകോടതിയിൽ സമർപ്പിച്ചു.
കേസിൽക്കുടുക്കി ഭീഷണിപ്പെടുത്തി രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് പൊലീസ് ശ്രമമെന്നാണ് ഹരജിയിലെ ആരോപണം. രഹസ്യമൊഴി നൽകിയതോടെ തനിക്ക് ഇരകൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന വിക്ടിം പ്രൊട്ടക്ഷൻ സ്കീമിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.