ചെന്നൈ: ബി.ജെ.പി തമിഴ്നാട് നിർവാഹക സമിതിയംഗവും ആർ.എസ്.എസ് സൈദ്ധാന്തികനുമായ ചെന്നൈ നാങ്കനല്ലൂർ ആർ. കല്യാണരാമനെ(55) ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ജനത മസ്ദൂർ മഹാസംഘ് ദേശീയ സെക്രട്ടറി കൂടിയാണ്.
സാമുഹിക മാധ്യമങ്ങളിൽ ഇസ്ലാം വിരുദ്ധ പരാമർശങ്ങളടങ്ങിയ പോസ്റ്റുകളിട്ടതായി ആരോപിച്ച് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സഹിർഖാൻ ചെന്നൈ മെട്രോപൊളിറ്റൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഫേസ്ബുക്കിൽ പ്രവാചകനെക്കുറിച്ച് അപകീർത്തികരമായ പോസ്റ്റുകളിടുന്നത് തുടരുകയാണെന്നും മുസ്ലീം യുവാക്കളെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും അതിനാൽ കല്യാണരാമനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇത്തരത്തിൽ സംസ്ഥാനമൊട്ടുക്കും കല്യാണരാമനെതിരെ വിവിധ മുസ്ലിം സംഘടനകൾ പരാതികൾ നൽകിയിരുന്നു.
ഞായറാഴ്ച രാവിലെ അഹമ്മദാബാദിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ കല്യാണരാമനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇസ്ലാമിക- ദ്രാവിഡ പ്രസ്ഥാന വിരുദ്ധ പ്രസംഗങ്ങൾ നടത്തിയതിന് കല്യാണരാമൻ ഇതിന് മുൻപ് പലതവണ അറസ്റ്റിലായിട്ടുണ്ട്. ഇൗയിടെ അദ്ദേഹത്തിെൻറ പേരിൽ ചുമത്തിയിരുന്ന ഗുണ്ടാനിയമം മദ്രാസ് ഹൈകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.