ആലുവ: മേഖലയിൽ മോഷ്ടാക്കളുടെ ശല്യം വീണ്ടും വർധിച്ചു. മലയാളികളും മറ്റ് സംസ്ഥാനക്കാരുമായ മോഷണസംഘങ്ങൾ നഗരത്തിലും സമീപ പ്രദേശങ്ങളിലും വിലസുകയാണ്. സമീപകാലത്ത് നിരവധി മോഷണങ്ങളാണ് നടന്നത്. കുറുവ സംഘത്തെക്കുറിച്ച് ഭീതി പരന്ന സാഹചര്യത്തിലും മോഷണം തുടരുകയാണ്. കഴിഞ്ഞദിവസം യു.സി കോളജിന് സമീപം പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നു. വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്.
വീട്ടുകാർ വിദേശത്താണ്. ഗൾഫിലിരുന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. വീട് നോക്കുന്നയാളുടെ പരിശോധനയിൽ രണ്ട് സ്വർണവള നഷ്ടപ്പെട്ടതായ വിവരം കിട്ടിയതായി ആലുവ ഈസ്റ്റ് പൊലീസ് പറഞ്ഞു. മോഷ്ടിക്കാൻ രണ്ടുപേർ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിൽനിന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
വ്യാഴാഴ്ച പുലർെച്ച ഉളിയന്നൂര്‍ മസ്ജിദുല്‍ മനാര്‍, ആലുവ ചീരക്കട ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. പള്ളിയുടെ ഓഫിസ് റൂം കുത്തിത്തുറന്ന് 1.80 ലക്ഷം രൂപയും 20,000 രൂപയുടെ വാച്ചുമാണ് മോഷ്ടിച്ചത്. ചീരക്കട ക്ഷേത്രത്തില്‍നിന്ന് വിളക്കുകളാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ഇവിടെ മോഷണം നടന്നതെന്ന് കരുതുന്നു. ശ്രീകോവിലിന് പുറത്ത് ഉപയോഗിക്കുന്ന ഏഴ് തൂക്കുവിളക്കും ആറ് നിലവിളക്കുമാണ് കൊണ്ടുപോയത്. പൂജക്ക് മുന്നോടിയായി ക്ഷേത്രജീവനക്കാരന് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഒരു മാസം മുമ്പ് ബാങ്ക് കവല മാർക്കറ്റ് റോഡിലെ ജമാലിന്റെ എ ടു സെഡ് കളേഴ്സ് എന്ന തുണിക്കടയിൽ മോഷണം നടന്നിരുന്നു. കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്ന് ഓട് മാറ്റി കടക്കകത്തെ സീലിങ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. 50,000 രൂപയുടെ വസ്ത്രങ്ങളും 5000 രൂപയോളവും നഷ്ടപ്പെട്ടിരുന്നു.
അടുത്തിടെ തോട്ടക്കാട്ടുകര, പറവൂർ കവല, സെമിനാരിപ്പടി, യു.സി കോളജ്, കടൂപ്പാടം, തടിക്കക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി മോഷണങ്ങളും മോഷണ ശ്രമങ്ങളും നടന്നിരുന്നു. പല സ്ഥലങ്ങളിലും വീടുകളുടെ പുറത്തിരുന്ന സാധനങ്ങളാണ് കളവുപോയത്. വീടുകളിൽനിന്ന് ഇരുചക്ര വാഹനങ്ങളും ബാറ്ററിയും മോഷണം പോകുന്നതും പതിവാണ്.
കരുമാല്ലൂരിൽ ഒരു വളപ്പിലെ മൂന്ന് സ്ഥാപനങ്ങളിൽ കവർച്ച
കരുമാല്ലൂർ: പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചു. യു.സി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, വെളിയത്തുനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് നാട്ടുകാരുടെ സ്വൈരജീവിതത്തിന് വിഘാതമായി മോഷ്ടാക്കളുടെ സംഘം വിലസുന്നത്. കരുമാല്ലൂരിൽ മൃഗാശുപത്രി ഉൾെപ്പടെ ഇക്കഴിഞ്ഞ 20ന് മൂന്ന് സ്ഥാപനങ്ങളില്‍ കവർച്ച നടന്നിരുന്നു. കരുമാല്ലൂർ കാരുചിറയിൽ ഒരു വളപ്പിലുള്ള ബഡ്സ് സ്കൂള്‍, മൃഗാശുപത്രി, ജനകീയ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മൃഗാശുപത്രിയുടെ രണ്ട് വാതിലുകളുടെ പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. മേശവലിപ്പിൽ സൂക്ഷിച്ച 1235 രൂപ നഷ്ടമായി. ഹോട്ടലിലെ മേശയില്‍നിന്ന് 6000 രൂപയും വാച്ചും കവർന്നു. ഇതിൽ അന്വേഷണം ഊർജിതമാെണന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും മോഷ്ടാക്കൾ ഇപ്പോഴും വിലസുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യു.സി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, വെളിയത്തുനാട് തുടങ്ങിയ സ്ഥലങ്ങളിൽ കവർച്ചസംഘം എത്തിയ സംഭവം. രണ്ട് ദിവസങ്ങളിലായി യു.സി, കടൂപ്പാടം തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസര പ്രദേശത്തും മോഷണസംഘം എത്തിയതെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായത്. മൂന്ന് യുവാക്കളാണ് പ്രദേശത്തെ പല വീട്ടിലും മോഷണത്തിന് കയറിയത്. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീടുകളുടെ പുറത്തിരുന്ന സാധനങ്ങൾ കളവ് പോയിട്ടുണ്ട്.
രണ്ടുമാസം മുമ്പ് വെളിയത്തുനാട്- തടിക്കക്കടവ് ഭാഗത്തെ വീടുകളിൽനിന്ന് ഇരുചക്ര വാഹനവും ബാറ്ററിയും മോഷ്ടിച്ചിരുന്നു. തുടർന്ന് രണ്ട് പ്രതികൾ പിടിയിലായതോടെ മോഷ്ടാക്കളുടെ ശല്യം കുറവായിരുന്നു. കുറുവ സംഘത്തിന്റെ ഭീഷണിയുള്ളതിനാൽ വീട്ടുകാർ രാത്രി പുറത്തിറങ്ങാറില്ല. ഇത് മുതലെടുത്താണ് യുവാക്കളുടെ സംഘം മോഷണത്തിനെത്തിയതെന്ന സംശയമുണ്ട്. സമീപ പ്രദേശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽനിന്ന് പെട്രോൾ ഊറ്റുന്ന സംഘവും കരുമാല്ലൂർ- ആലുവ മേഖല കേന്ദ്രീകരിച്ച് വിലസുന്നുണ്ട്. രണ്ട് മാസത്തിനുമുമ്പാണ് ബ്രഹ്മ ഫയർ വർക്സ് എന്ന പടക്ക നിർമാണ ശാലയിൽ സൂക്ഷിച്ചിരുന്ന 70 ലക്ഷം രൂപയുടെ പടക്കസാമഗ്രികൾ കാണാതായത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു കി.മീ പരിധിക്കുള്ളിൽ കവർച്ച നടന്നത്. തിരക്കേറിയ ആലുവ - പറവൂർ റോഡിന് ഇരുവശത്തും കവർച്ച ഇടതടവില്ലാതെ നടന്നിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. പൊലീസ് രാത്രികാല പരിശോധന ഊർജിതമാക്കണമെന്നും സി.സി ടി.വി കാമറകൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പറവൂരിൽ ക്ഷേത്രം ഓഫിസ് കുത്തിത്തുറന്ന് മോഷണം
പറവൂർ: പടിക്കൽ കുടുംബട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പടിക്കൽ ദേവീക്ഷേത്രത്തിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം. മാസത്തിൽ ഒരു ദിവസം മാത്രമാണ് ഈ ക്ഷേത്രത്തിൽ പൂജയുള്ളത്. ശനിയാഴ്ച രാവിലെ ക്ഷേത്രപരിസരം വൃത്തിയാക്കാനെത്തിയവരാണ് ഓഫിസിന്റെ വാതിൽ തുറന്നുകിടക്കുന്നതായും അലമാര കുത്തിത്തുറന്നിട്ട നിലയിലും കണ്ടത്. ഉടൻ ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചു. അലമാരയിൽ സൂക്ഷിച്ച സ്വർണമാലകളടക്കം ഏഴുപവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. രണ്ട് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചിട്ടുണ്ടെങ്കിലും അതിൽ പണം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.