അടിമാലി: വാളറ വനമേഖലയില്‍ വന്‍ മാലിന്യം തള്ളൽ. വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങളുടെ ഇടയില്‍ നിരവധി സ്ഥലങ്ങളിൽ വന്‍തോതിലാണ് മാലിന്യം തള്ളുന്നത്. ഇവയില്‍ എറെയും പ്ലാസ്റ്റിക് മാലിന്യമാണ്. വീടുകളില്‍നിന്ന് ഹരിത കർമസേന ശേഖരിച്ച മാലിന്യമാണ് ഇതെന്നാണ് സംശയം. പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലുമായി ക്വിന്റല്‍ കണക്കിന് മാലിന്യമാണ് ഇവിടെ തള്ളുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ റോഡിനോട് ചേര്‍ന്നാണ് മാലിന്യം തള്ളൽ. ഇവ വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളിയതാണെന്ന് കരുതുന്നു.
കീഴ്ക്കാംതൂക്കായ പ്രദേശമായതിനാല്‍ മലയുടെ അടിഭാഗത്ത് കൂടി ഒഴുകുന്ന ദേവിയാര്‍ പുഴയില്‍ വരെ ഇവ ഒലിച്ചെത്തിയിട്ടുണ്ട്. പെരിയാറിന്റെ പോഷക നദിയാണ് ദേവിയാര്‍. ഇതോടെ പെരിയാര്‍ നദിയും മാലിന്യവാഹിനിയാകും. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഇത് ദോഷം ചെയ്യും.
നിത്യവും കുരങ്ങുകള്‍ ഈ മാലിന്യം തള്ളൽ സ്ഥലത്ത് എത്തുന്നു. അടിമാലി പഞ്ചായത്തിന് കീഴില്‍ വരുന്ന പ്രദേശമാണ് ഇവിടം. വാളറ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റർ മാത്രം ദൂരത്തില്‍ വലിയ അളവില്‍ മാലിന്യം തള്ളിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിലും ദുരൂഹതയുണ്ട്.
അടിമാലി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ശേഖരണവും മറ്റും വലിയ പ്രതിസന്ധിയായി നില്ക്കുന്നു. പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഹരിതകര്‍മ സേന വാര്‍ഡുകളിൽതന്നെ തരംതിരിക്കുന്നു. മോശമായവ ശുചിത്വ മിഷന് എറ്റെക്കുന്നില്ല. മോശമായ മാലിന്യമാണ് തള്ളുന്നതെന്ന ആക്ഷേപമുണ്ട്. അടിമാലി പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നാണ് പ്ലാസ്റ്റിക് ഡമ്പിങ് യാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ പ്ലാസ്റ്റിക് കുന്നുകൂടിയത് കോടതി ഇടപെടലിന് കാരണമായിരുന്നു. തുടര്‍ന്ന് പൊതുശ്മശാനത്തിലേക്ക് മാറ്റി. എന്നാല്‍, പ്രതിഷേധം രൂക്ഷമായതോടെ ഇവിടെയും നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല.
2016 മുതൽ മാലിന്യ നിർമാർജനത്തിന് 10 കോടിയിലേറെ മുടക്കിയ പഞ്ചയത്താണ് അടിമാലി. ഉറവിട മാലിന്യ നിർമാർജന പദ്ധതിയില്‍ എല്ലാ വിടുകളിലും സ്വന്തം നിലയില്‍ മാലിന്യം സംസ്കരിക്കാൻ സംവിധാനമൊരുക്കി. പിന്നീടാണ് 50 രൂപ ഫീസ് വാങ്ങി വീടുകളിൽനിന്ന് പ്ലാസ്റ്റിക്, ചെരിപ്പ്, തുണി, ബാഗ്, ചില്ല് തുടങ്ങി മാലിന്യം ശേഖരിക്കുന്നത്.
നല്ല പ്ലാസ്റ്റിക്കുകൾ പൊടിച്ച് ടാറിങ് ആവശ്യത്തിന് മെഷീൻ സ്ഥാപിച്ചും മോശമായവ കത്തിച്ച് നശിപ്പിക്കാന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ചും ലക്ഷങ്ങൾ പഞ്ചായത്ത് തുലച്ചിട്ടുണ്ട്. പരിസ്ഥി പ്രശ്നം ഉയര്‍ത്തിയാണ് പ്ലാസ്റ്റിക് ശുചിത്വ മിഷന് കൈമാറിയത്. മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള പ്രവര്‍ത്തനത്തിന് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ആറ് അവാര്‍ഡ് അടിമാലി പഞ്ചായത്ത് നേടിയിട്ടുണ്ട്.
കരിക്ക് വിൽപനക്കാരനെതിരെ കേസ് !
അടിമാലി: ഉപജീവനത്തിനായി വാഹനത്തിൽ കരിക്ക് വില്ക്കാന് എത്തിയ വ്യാപാരിയെ മാലിന്യം വനത്തില്‍ തള്ളിയെന്ന് ആരോപിച്ച് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത വനംവകുപ്പ് റിസർവ് വനത്തിൽ വന്‍തോതിൽ മാലിന്യം തള്ളിയിട്ടും നടപടി എടുക്കാത്തതില്‍ ദുരൂഹത. വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ദോഷമായ മാലിന്യം തള്ളൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. മമ്പ് വനത്തില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ നിരവധി ടൂറിസ്റ്റ് വാഹനങ്ങളും വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ഇവ പഞ്ചായത്തിന് കൈമാറി വന്‍തുക പിഴയും ഈടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.