ചെന്നൈ: ഈദ് ദിനത്തിലെ സുഹൃദ് സൽക്കാരത്തിനിടെ മോഷണം പോയ 1.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ യുവാവിന്‍റെ വയറ്റിൽ നിന്ന് കണ്ടെടുത്തു. തമിഴ്നാട്ടിലെ വിരുഗമ്പാക്കത്താണ് സംഭവം. ഡയമണ്ട് നെക്ലേസ്, സ്വർണ്ണ ചെയിൻ, ഡയമണ്ട് പെൻഡന്റ് എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പൊലീസ് പറയുന്നത് പ്രകാരം ഈദിന് പ്രതിയെയും കാമുകിയെയും അവരുടെ സുഹൃത്ത് സൽക്കാരത്തിനായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വിരുന്നിന് ശേഷം ആഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് പൊലീസിൽ പരാതിപ്പെടുകയും യുവാവിനെ സംശയമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
വിരുഗമ്പാക്കത്തിലെ ഒരു സ്വകാര്യ മെഡിക്കൽ സെന്ററിൽ നടത്തിയ സ്കാനിങ്ങിൽ ഡോക്ടർമാർ ഇയാളുടെ വയറ്റിൽ ആഭരണങ്ങൾ കണ്ടെത്തി. വയറ്റിൽ നിന്ന് ആഭരണങ്ങൾ വീണ്ടെടുക്കാൻ ഡോക്ടർമാർ പ്രതിക്ക് എനിമ നൽകിയതായി പോലീസ് പറഞ്ഞു. ആഭരണങ്ങൾ കണ്ടെടുത്ത ശേഷം യുവതി പരാതി പിൻവലിക്കുകയും കേസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു.
യുവതി പരാതി പിൻവലിച്ചതിനാൽ പ്രതിയുടെയും പരാതിക്കാരന്റെയും വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.