ചെറുതുരുത്തി: കൊച്ചിൻ പാലത്തിനു സമീപം ബസ് സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചെറുതുരുത്തി ഭാഗത്ത് ഭിക്ഷാടനവും ആക്രിസാധന ശേഖരണവും നടത്തിയിരുന്ന സെൽവിയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്ത് സേലം വിഴുപ്രം കള്ളക്കുറിച്ചി പൂക്കരയർ പാളയം വീട്ടിൽ തമിഴ് അരശനെ (60) അറസ്റ്റ് ചെയ്തു.
പൂട്ടിക്കിടന്നിരുന്ന വർക് ഷോപ്പിന് മുന്നിലിരുന്ന് ഞായറാഴ്ച രാത്രി മദ്യപിച്ചതിനെതുടർന്ന് ഇരുവരും വഴക്ക് കൂടി. തുടർന്ന് തളർന്നുകിടന്ന സെൽവിയുടെ സ്വകാര്യഭാഗത്തിലൂടെ മരക്കൊമ്പ് കയറ്റിയതിനെ തുടർന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സെൽവിയുടെ രക്തംപുരണ്ട വസ്ത്രം മാറ്റി പുതിയ മാക്സി ധരിപ്പിച്ച പ്രതി മൃതദേഹം സമീപത്തെ ബസ് സ്റ്റോപ്പിൽ കൊണ്ടുവന്ന് കിടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിൽ ചോരപ്പാടുള്ള വസ്ത്രവും മരക്കൊമ്പ് കഷണവും പ്രതി കാണിച്ചുകൊടുത്തു. ഇവർ രണ്ടു പേരും വർഷങ്ങളായി ചെറുതുരുത്തി ഭാഗത്ത് ഭിക്ഷ യാചിച്ചും ആക്രിസാധനങ്ങൾ പെറുക്കിവിറ്റും ജീവിക്കുന്നവരാണ്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ഇളങ്കോ, വടക്കാഞ്ചേരി സി.ഐ റിജിൻ എം. തോമസ്, എസ്.ഐമാരായ നിഖിൽ, വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുത്തത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധൻ യു. രാമദാസ്, ഫോറൻസിക് വിഭാഗത്തിലെ ഡോ. ലക്ഷ്മി കെ. രാധാകൃഷ്ണൻ എന്നിവരും പരിശോധന നടത്തി.
ചെറുതുരുത്തി: തമിഴ്നാട് സ്വദേശിനി സെൽവിയെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ് അരശൻ ക്രൂരകൃത്യം വിവരിച്ചത് ഭാവഭേദമില്ലാതെ. ചെറുതുരുത്തി പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി കാര്യങ്ങൾ കൂസലില്ലാതെ വിവരിച്ചത്. വർഷങ്ങൾക്കു മുമ്പാണ് സെൽവി സേലത്തുനിന്ന് ചെറുതുരുത്തിയിലെത്തിയത്. നാട്ടിലും ഒറ്റപ്പാലത്തും ബന്ധുക്കളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മരിച്ചശേഷം ആരും അന്വേഷിച്ചുവന്നിട്ടില്ല. തമിഴ് അരശനെ പരിചയപ്പെട്ട ശേഷം പിന്നീട് രണ്ടുപേരും മദ്യപാനം പതിവായിരുന്നു.
മർദനം ശക്തമാകുമ്പോൾ സെൽവി വേറെ എവിടെയെങ്കിലും പോയി താമസിക്കാറുണ്ടായിരുന്നു. ആദ്യം ചെറുതുരുത്തി സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു താമസം. പിന്നീടാണ് കൊച്ചിൻ പാലത്തിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്കു മാറിയത്. 60 വയസ്സാണെങ്കിലും നല്ല ആരോഗ്യവാനായ പ്രതി എന്തു ജോലിയും ചെയ്യാറുണ്ട്. പ്രതിക്ക് സേലത്ത് ഭാര്യയും മക്കളുമുണ്ട്. ബന്ധുക്കൾ ആരും എത്താത്തതിനാൽ സെൽവിയുടെ മൃതദേഹം പോസ്റ്റ്മോർട്ട ശേഷം പഞ്ചായത്ത് പ്രസിഡൻറ് ഷെയ്ഖ് അബ്ദുൽ ഖാദർ, ചെറുതുരുത്തി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.