കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ കോടതിയുടെ തുടർ നടപടിക്കുള്ള സ്റ്റേ ഹൈകോടതി നീട്ടി. ഹരജി വാദത്തിനായി നവംബർ 29ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അതുവരെ സ്റ്റേ നീട്ടി ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം, കേസിലെ രണ്ടാംപ്രതിയായ കോടതി ജീവനക്കാരൻ ജോസും ഇതേ ആവശ്യമുന്നയിച്ച് ഹരജി നൽകി.
മയക്കുമരുന്ന് കേസിൽ വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ച ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് മന്ത്രിക്കെതിരെ നിലവിലുള്ളത്. ഹൈകോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതെവിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന വാദം ശരിവെച്ചായിരുന്നു വെറുതെവിട്ടത്.
കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് കേസെടുക്കാൻ പൊലീസിന് നിയമപ്രകാരം അധികാരമില്ലെന്നും കോടതി നേരിട്ടാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടതെന്നുമാണ് ആന്‍റണി രാജുവിന്‍റെയും ജോസിന്‍റെയും വാദം. 2006 മാർച്ച് 24ന് കുറ്റപത്രം നൽകിയ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ആന്‍റണി രാജു ഹരജി നൽകുകയും സ്റ്റേ ഉത്തരവുണ്ടാവുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.