കടയ്ക്കൽ: കഞ്ചാവ് വിൽപനക്കാരന്‍റെ വീട്ടിൽ പരിശോധനക്കെത്തിയ പൊലീസിന് നേരെ ആക്രമണം. പ്രതിയും ഭാര്യയും ചേർന്ന് നടത്തിയ ആക്രമണത്തിൽ എസ്.ഐക്കും പൊലീസുകാരനും പരിക്കേറ്റു. കടയ്ക്കൽ എസ്.ഐ ജ്യോതിഷ് ചിറവൂർ (29), സി.പി.ഒ അഭിലാഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിലാഷിന്‍റെ നെറ്റിയിൽ മൂന്ന് തുന്നലുണ്ട്.
ഇളമ്പഴന്നൂർ പൊലീസുമുക്കിൽ ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. കടയ്ക്കൽ ദർപ്പക്കാട് പുനയത്ത് കഞ്ചാവ് വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് എത്തിയതായിരുന്നു പൊലീസ് സംഘം. പാലയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ ആനക്കുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ(39) ഇവിടെനിന്ന് ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇരപ്പിൽ ചരുവിള വീട്ടിൽ നിഫാലിൽ (35)നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന് വ്യക്തമായി. തുടർന്ന് പൊലീസുമുക്കിലുള്ള നിഫാലിന്‍റെ വീട്ടിലെത്തിയ പൊലീസ് പരിശോധന നടത്തി മൂന്നു പൊതികഞ്ചാവ് കണ്ടെടുത്തു.
നിഫാനെ വിലങ്ങ് വെക്കുന്നതിനിടെയായിരുന്നു ആക്രമണം. വിലങ്ങുകൊണ്ട് ഇയാൾ അഭിലാഷിന്‍റെ നെറ്റിയിൽ ഇടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച എസ്.ഐ ജ്യോതിഷിന്‍റെ തലക്കും ഇടിയേറ്റു. പ്രതിയുമായി മൽപിടിത്തം നടക്കുന്നതിനിടെ നിഫാലിന്‍റെ ഭാര്യ വടിയുമായെത്തി പൊലീസിനെ ആക്രമിച്ചു. ഒടുവിൽ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത നിഫാലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.