കോട്ടയം: അപ്പാർട്മെന്റിൽ കയറി ആക്രമണം നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ഷിഹാസ് (28), റിയാസ് (31), ഷെമീർ (27), അസ്ലം (24) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ചിങ്ങവനത്തുള്ള സരളം അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ജെജിൻ ബേബി എന്നയാളെയാണ് പ്രതികൾ റൂമില്‍ കയറി ആക്രമിച്ചത്. പ്രതിയായ ഷിഹാസും ജെജിനും വാഹനം വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തിൽ ജീവനക്കാരാണ്.
ജോലിസമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഈ വിരോധംമൂലം ഷിഹാസ് തന്റെ സുഹൃത്തുക്കളെയും കൂട്ടിവന്ന് ജിജിൻ താമസിക്കുന്ന അപ്പാർട്മെന്റിൽ കയറി ആക്രമിക്കുകയുമായിരുന്നു. തടസ്സം പിടിക്കാനെത്തിയ ജിജിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു. ബഹളംകേട്ട് മറ്റ് റൂമുകളിൽ താമസിക്കുന്നവർ എത്തുമ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതികളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് പിടികൂടിയത്. പ്രതികളിൽ ഒരാളായ റിയാസിന് ചടയമംഗലം സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐമാരായ അനീഷ്, മുരുകൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.