മകന്‍റെ ശമ്പളം ചോദിച്ചതിന് വീടിന് തീവെച്ചു: പ്രതിക്ക് ഏഴു വർഷം തടവും അരലക്ഷം രൂപ പിഴയും

ചെങ്ങന്നൂർ: മകൻ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് വീടിനു തീ വെച്ച കേസിൽ പ്രതിക്ക് ഏഴു വർഷം തടവും പിഴയും. വെൺമണി കൊടുകുളഞ്ഞി പൂമൂട്ടിൽ കിഴക്കെത്തിൽ വീട്ടിൽ പൂമൂടനെന്ന സന്തോഷിനാണ് (50) ചെങ്ങന്നൂർ അസി. സെഷൻസ് കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ഏഴു വർഷം തടവും 50000 രൂപ പിഴയും വിധിച്ചത്.

2019ലാണ് കേസിനാസ്‌പദമായ സംഭവം. വെൺമണി കൊടുകുളഞ്ഞി കൃഷ്‌ണാലയം വീട്ടിൽ മധു (50) വിന്റെ മകൻ അനൂപിനെ സന്തോഷ് ഒന്നര മാസത്തോളം തിരുവനന്തപുരത്ത് ജോലിക്ക് കൊണ്ടുപോയെങ്കിലും ശമ്പളം നൽകിയില്ല. പിതാവും പല തവണ സന്തോഷിനെ നേരിൽകണ്ട് കൂലി ചോദിച്ചിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് 2019 ജാനുവരി 13ന് പ്രതി മധുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി തീവെച്ചത്. വീട്ടിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ കൈതൂമ്പ കൊണ്ട് അടിച്ചു പൊട്ടിച്ചതിനു ശേഷം ടാങ്കിൽ നിന്നു പെട്രോൾ എടുത്ത് വീടിനു മുകളിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തടയാൻ ശ്രമിച്ച മധുവിനെ കൈതൂമ്പ കൊണ്ട് അടിച്ച് പരിക്കേൽപിച്ചു. വീടും വീട്ടുപകരണങ്ങളും പൂർണമായി കത്തി നശിച്ചു. വീടുപണിക്കായി സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപയും കത്തി നശിച്ചു. മധുവിന്റെ പരാതിയിൽ വെൺമണി പൊലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക മധുവിനു നൽകാനും കോടതി ഉത്തരവിട്ടു. പ്രോസീക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രഞ്ജി ചെറിയാൻ ഹാജരായി.

Tags:    
News Summary - The accused will be jailed for seven years and fined Rs 500,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.