പള്ളിക്കര: കഴിഞ്ഞരാത്രി കൊലചെയ്യപ്പെട്ട ലിജ വൈകീട്ട് കൊണ്ടുവന്ന ഓണക്കോടി തങ്ങള്‍ക്ക് ലഭിച്ച അവസാനത്തേതാണെന്ന് തിരിച്ചറിയാതെ മക്കളായ അനികയും ആര്യനും അനീഷയും. തിങ്കളാഴ്ച വൈകീട്ടാണ് ലിജ എല്ലാവര്ക്കും ഓണക്കോടി വാങ്ങിവന്നത്. അതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ഭര്‍ത്താവിന്റെ കൈകൊണ്ട് കൊലചെയ്യപ്പെട്ടത്. രണ്ടുദിവസം മുമ്പ് ഭര്‍ത്താവ് സാജന് വന്ന് ഓണക്കോടിയെടുക്കാൻ 5000 രൂപ നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ലിജ ആ പണവുംകൂടി കൂട്ടിയാണ് മക്കള്‍ക്ക് ഓണകോടി വാങ്ങി വീട്ടിലെത്തിയത്. അതിന് ശേഷമാണ് തിങ്കളാഴ്ച കുട്ടികള്‍ക്ക് ബേക്കറി പലഹാരങ്ങളുമായി സാജന് വന്നത്. അടുക്കള ഭാഗത്ത് ഇരുന്ന് സാജനും ലിജയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീട്ടുകാര്‍ക്കും പ്രത്യേക സംശയം ഒന്നും തോന്നിയിരുന്നില്ല.
അച്ഛന് ഭാസ്കരന് കിടന്നിരുന്നു. ബാക്കിയുള്ളവര്‍ ടി.വി കാണുകയായിരുന്നു. ഇതിനിടെ നായുടെ ശക്തമായ കുര കേട്ട് സഹോദരി നോക്കാൻ ചെല്ലുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയിൽ ലിജയെ കണ്ടത്. ലിജ രക്തം ചർദിച്ചതാണെന്നാണ് അവര്‍ കരുതിയത്. നാട്ടുകാരെത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കഴുത്തിലെ മുറിവ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
14 വര്‍ഷം മുമ്പ് പ്ലൈവുഡ് കമ്പനിയില്‍ ജോലിയെടുക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും. രണ്ടുമാസം മുമ്പാണ് ഇവര്‍ രണ്ട് സ്ഥലത്തേക്ക് താമസമായത്. അനാഥരായ മൂന്ന് മക്കൾക്ക് ഇനി പ്രായമായ മുത്തശ്ശനും മുത്തശ്ശിയുമാണ് ആശ്രയം. കിഴക്കമ്പലം സ്കൂളില്‍ പഠിക്കുന്ന ഇവര്‍ എട്ട്, ആറ്, നാല് ക്ലാസുകളിലാണ് പഠിക്കുന്നത്. ലിജയുടെ അമ്മയും അച്ഛനും സഹോദരിയും ഭര്‍ത്താവും മക്കളുമെല്ലാം ചെറിയ ഒറ്റവീട്ടിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.