നേമം: വീടിനു നേരേ പടക്കമെറിഞ്ഞ സംഘത്തെ നരുവാമൂട് പൊലീസ് പിടികൂടി. മണ്ണൂര്‍ക്കര തച്ചന്‍കോട് മേലേ മാത്തൂര്‍ വടക്കേക്കോണം വീട്ടില്‍ ജയദീപ് (19), നെടുമങ്ങാട് ചെല്ലന്‍കോട് മുടിപ്പുര വിളാകത്ത് വീട്ടില്‍ ആദിത്യന് (19), വെള്ളനാട് തേവന്‍കോട് അശ്വിന് നിവാസില്‍ അശ്വിന് (24), നെടുമങ്ങാട് മുക്കോല ചെല്ലംകോട് പൊന്നു ഭവനില്‍ സനല്‍കുമാര്‍ (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വെടിവച്ചാന്‍ കോവിലിലെ ഒരു ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വാടകവീട്ടിലേക്കാണ് ബൈക്കിലെത്തിയ സംഘം പടക്കമെറിഞ്ഞത്. ഹോട്ടല്‍ ജീവനക്കാരനും പത്തനംതിട്ട സ്വദേശിയുമായ ഉമേഷി (19) നോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമായത്.
ഉമേഷും രണ്ടാംപ്രതി ആദിത്യനും എറണാകുളത്തെ ഒരു ഹോട്ടലില്‍ ഒന്നിച്ചു ജോലിചെയ്തവരാണ്. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിയുകയായിരുന്നു. വ്യാഴാഴ്ച ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നുവെന്നും ഉമേഷിനെ വകവരുത്തുമെന്ന് പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഘം വാടകവീടിന്റെ വാതിലില്‍ മുട്ടിവിളിച്ചുവെങ്കിലും തുറക്കാതായതോടെ പടക്കം കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീടിനുള്ളിലുള്ളവര്‍ പുറത്തിറങ്ങാത്തതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. സ്ഫോടന ശബ്ദം കേട്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഉമേഷിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.