തിരൂർ: കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ്, എം.ഡി.എം.എ തുടങ്ങി ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായ കൊടക്കൽ അഴകത്ത് കളത്തിൽ സുധീഷിനെയാണ് (30) കഴിഞ്ഞദിവസം പുലർച്ച കൊടക്കലിൽ പൊലീസ് പിടികൂടിയത്.
മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി നിരവധി ലഹരിമരുന്ന് കേസുകൾ പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
22 കിലോ കഞ്ചാവ് പിടികൂടിയതിൽ പാലക്കാട് ജില്ലയിലും അഞ്ച് ഗ്രാം എം.ഡി.എം.എ പിടികൂടിയതിൽ കൊച്ചി നഗരത്തിലും കേസുകൾ നിലവിലുള്ള പ്രതി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. മണൽകടത്ത് തൊഴിലായിരുന്ന പ്രതി കുറച്ചുവർഷങ്ങൾക്കു മുമ്പാണ് ലഹരിമരുന്ന് വിൽപനയിലേക്ക് കടക്കുന്നതെന്നും ഇപ്പോൾ കൊച്ചി നഗരത്തിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ മുരളി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.