മാവൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ പരിയങ്ങാട്ട് കഴിഞ്ഞദിവസം പട്ടാപ്പകൽ നടന്ന കവർച്ച വീട്ടുടമയുടെ മകൻ ആസൂത്രണംചെയ്തത്. പരിയങ്ങാട് തടായിൽ പുനത്തിൽ പ്രകാശന്റെ വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകലാണ് കവർച്ച നടന്നത്. വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകൻ അപ്പൂസ് എന്ന സിനീഷ് (32) നടത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിയുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടബാധ്യതമൂലം ബുദ്ധിമുട്ടിലായിരുന്ന സിനീഷ്, പിതാവ് കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽനിന്ന് 30,000 രൂപ എടുത്ത് ഇയാൾ വാഹനത്തിന്റെ കടം വീട്ടിയിരുന്നു. ഇക്കാര്യം പിതാവിന്റെ ശ്രദ്ധയിൽപെട്ടില്ലെന്ന് മനസ്സിലാക്കിയ സിനീഷ് വെള്ളിയാഴ്ച രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയശേഷം ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെവന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു.
പുറത്തുനിന്നുള്ളവരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കാനായി 10 ഇഞ്ച് സൈസുള്ള വലിയ ഷൂ ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി അതിൽ മനപ്പൂർവം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോൾ മുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു. വിരലടയാളം പതിയാതിരിക്കാൻ കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. മാവൂർ ഇൻസ്പെക്ടർ കെ. വിനോദൻ എസ്.ഐമാരായ മഹേഷ് കുമാർ, പുഷ്പചന്ദ്രൻ, എ.എസ്.ഐ സജീഷ്, എസ്.സി.പി.ഒ അസീസ്, സി.പി.ഒമാരായ ലിജു ലാൽ, ലാലിജ് ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.