ആമ്പല്ലൂര്‍ (തൃശൂർ): മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ വീട്ടുമുറ്റത്ത് മാവിന്‍തൈ നടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകൻ കീഴടങ്ങി. പുലർച്ചെ രണ്ടു മണിയോടെ തൃശൂർ കമീഷണർ ഓഫീസിലെത്തിയാണ് പ്രതി അനീഷ് (38) കീഴടങ്ങിയത്. അനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഞായറാഴ്ച രാവിലെ 9.15നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രന് (കുട്ടന് - 68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട അനീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
അനീഷും മാതാപിതാക്കളും തമ്മിൽ വര്‍ഷങ്ങളായി കലഹം പതിവായിരുന്നു. മുമ്പ് അനീഷിന്റെ പേരില്‍ സുബ്രന് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടുമുറ്റത്ത് രാവിലെ മാവിന്‍തൈ നടുന്നതിനെ ചൊല്ലി സുബ്രനും അനീഷും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുബ്രന് നട്ട മാവിന്‍തൈ അനീഷ് പറിച്ചെറിഞ്ഞു. തുടര്‍ന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ തൂമ്പ കൊണ്ട് അനീഷ് പിതാവിനെ അടിച്ചു. വീടിന് മുന്‍വശത്തെ റോഡിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബ്രനെ അനീഷ് പിന്തുടര്ന്ന് വെട്ടുകയായിരുന്നു. സംഭവം കണ്ട് തടയാനെത്തിയ ചന്ദ്രികയെയും വെട്ടിവീഴ്ത്തി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു.
കൊല്ലപ്പെട്ട സുബ്രന് ടാപ്പിങ് തൊഴിലാളിയാണ്. പ്രവാസിയും ഡ്രൈവറുമാണ് അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.