കൊല്ലങ്കോട്: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.എലവഞ്ചേരി കോട്ടയംക്കാട് വീട് മുരളിയുടെ മകൻ സുജിത്തിനെ കൊല ചെയ്യപ്പെട്ട കേസിലാണ് വിധി. എലവഞ്ചേരി, ആണ്ടിത്തറക്കാട് നിവാസികളായ അനിൽ (44), അനീഷ് (35), സതീഷ് (43) എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷനൽ സെഷൻസ് ജഡ്ജി (പോക്സോ) ആർ. വിനായക റാവുവാണ് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളിൽ 11 വർഷം, ഒരുമാസം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2016 ജനുവരി 31ന് രാത്രിയാണ് സംഭവം. പുതുവത്സരാഘോഷ പരിപാടികൾക്കിടെ മരിച്ച സുജിത്തിന്റെ വീടിന് പരിസരത്തുള്ള ക്ലബിൽ ആഘോഷ പരിപാടികൾ നടക്കവെ ഒന്നാം പ്രതി അനിൽ സ്ഥലത്തെത്തി ആഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിയെ പറഞ്ഞുവിടുകയും ഒന്നാംപ്രതി രണ്ടും മൂന്നും പ്രതികളെ കൂടെ കൂട്ടി കൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു. ഈ ആക്രമണത്തിനിടെ കത്തിക്കുത്തിൽ സുജിത് മരിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന എൻ.എസ്. സലീഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രൊസിക്യൂട്ടർമാരായ ആർ. ആനന്ദ്, മുരളീധരൻ എന്നിവർ ഹാജരായി. സിവിൽ പൊലീസ് ഓഫിസർ മിഥുൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.