പീരുമേട്: ഡോക്ടർ ചമഞ്ഞ് ഏലപ്പാറ സ്വദേശിയിൽനിന്ന് അഞ്ചരലക്ഷം രൂപ തട്ടിയ അമ്മയും മകനെയും അറസ്റ്റ് ചെയ്തു. കോട്ടയം. പാലാ കിടങ്ങൂർ മംഗലത്തുകുഴിയിൽ ഉഷ അശോകൻ, മകൻ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രദീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് ഇവർ പരിചയപ്പെടുന്നത്. പ്രദീഷ് മകന്റെ ചികിത്സക്ക് എത്തിയതായിരുന്നു.
ഡോക്ടറുടെ വേഷത്തിൽ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു പ്രദീഷിനെ ആശുപത്രി കാര്യങ്ങളിൽ സഹായിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പ്രദീഷിന്റെ പിതാവിന്റെ ചികിത്സക്ക് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ് വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സക്ക് 55 ലക്ഷം രൂപയാണ് ചെലവായത്.
ചെലവായ തുകയുടെ 32 ശതമാനം ആരോഗ്യവകുപ്പിൽനിന്ന് വാങ്ങി നൽകാമെന്ന പേരിലാണ് പലതവണയായി വിഷ്ണുവും ഉഷയും പ്രദീഷിന്റെ പക്കൽനിന്ന് പണം കൈപ്പറ്റിയത്. പലതവണയായി അഞ്ചര ലക്ഷം രൂപയാണ് ഇവർ വാങ്ങിയെടുത്തത്. പ്രദീഷ് നൽകിയ പരാതിയിൽ പീരുമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഏറ്റുമാനൂരിൽ ഇവർ വാടകക്ക് താമസിച്ച് വരുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള 11 കേസുകളാണ് ഇവരുടെ പേരിലുള്ളത്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു ഇവർ ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് വീണ്ടും പിടിയിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.