ഹരിപ്പാട്: ആക്രിക്കച്ചവടത്തിന്റെ മറവിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തിയ കേസിൽ എട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ.മുട്ടം ഭാഗത്ത് ആക്രിപെറുക്കി വന്നിരുന്ന ഉത്തർപ്രദേശ് മോറാദാബാദ് ജില്ലയിൽ അസ്സലാപുര ഗുൽഷൻ നഗറിൽ ജസീം ഖാൻ (23), ഡൽഹി സൗത്ത് ശ്രീനിവാസപുരി ന്യൂ ഫ്രഷ് കോളനിയിൽ മുഹമ്മദ് ഫാറൂഖ് (53), മോറാദാബാദ് ജില്ലയിൽ തെക്കേ ധർവാലി സെയ്ത് (26), ഗൗതമബുദ്ധ നഗറിൽ ബി 16 ബുദ്ധനഗർ അർജുൻ (19), ഡൽഹി സൗത്ത് ശ്രീനിവാസപുരി ഇന്ദിര ക്യാമ്പ് രണ്ടിൽ ന്യൂ ഫ്രഷ് കോളനിയിൽ ആബിദ് അലി (28) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ചിങ്ങോലി പഞ്ചായത്ത് 12ാം വാർഡിൽ ബാബു കോട്ടേജിൽ ജോൺ വർഗീസിന്‍റെ വീട്ടിൽ കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മോഷണം.ജോൺ വർഗീസ് തിരുവനന്തപുരം ജില്ലയിലെ കവടിയാറാണ് താമസം. അതിനാൽ ചിങ്ങോലിയിലെ വീട് അടച്ചിട്ടിരിക്കുകയാണ്.വീടിന്‍റെ പിൻഭാഗത്തെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി കുളിമുറിയിലെ ടാപ്പും ഇൻവർട്ടറും ബാറ്ററിയും ചെമ്പ് പാത്രങ്ങളും ഉൾപ്പെടെ 70,000 രൂപ വിലവരുന്ന സാധനസാമഗ്രികളാണ് മോഷ്ടിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട ജസീംഖാനെ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് മാസങ്ങൾക്കു മുമ്പ് നടന്ന മോഷണം തെളിഞ്ഞത്. കൂടാതെ വീട്ടിൽനിന്ന് നഷ്ടപ്പെട്ട പൈപ്പ് ഉപകരണങ്ങൾ ഇവരുടെ താമസസ്ഥലത്തിന് പിന്നിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു.
മുട്ടം ഭാഗത്ത് മാർച്ച് രണ്ടിന് രാത്രി 10.45ന് വീടുകളിൽ മോഷണം നടത്തുന്നതിനായി സ്ക്രൂ ഡ്രൈവർ, ചാക്ക് തുടങ്ങിയവയുമായി പതുങ്ങി നിന്ന ഗാസിയബാദ് ജില്ലയിൽ ആകാശ് (18), ഡൽഹി ചത്തർപ്പുർ ജുനൈദ് (27), ഗാസിയബാദ് സ്വദേശി സൂരജ് സൈനി (18) എന്നിവരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
കരീലക്കുളങ്ങര പൊലീസ് സബ് ഇൻസ്‌പെക്ടർ സുനുമോൻ, എസ്.ഐമാരായ ഷമ്മി, സുരേഷ്, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒമാരായ സുനിൽ, സജീവ്, വിനീഷ്, അനിൽ, ശ്യാംകുമാർ, സി.പി.ഒമാരായ ഷമീർ, മണിക്കുട്ടൻ, അരുൺ, മനോജ്, വരുൺ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.പ്രതികൾ സ്ഥിരം മോഷണം നടത്തുന്നവരും പ്രശ്നക്കാരും ആണെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.