മോഷണം നടന്ന കടയിൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തുന്നു

കൊച്ചി നഗരത്തിലെ കടകളിൽ മോഷണം

കൊച്ചി: ഷേണായീസ് ജങ്ഷന് സമീപം കോൺവെന്‍റ് റോഡിൽ കടകളിൽ മോഷണം. മെട്രൊ ടവർ കെട്ടിട സമുച്ചയത്തിന്‍റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ സ്ഥാപനം ഗാംക, ഡിജിറ്റൽ കാമറകൾ സർവിസ് ചെയ്യുന്ന ക്യാമറാസ്കാൻ കടകളിലാണ് മോഷണം നടന്നത്. താഴത്തെ പടിക്കെട്ടിൽ നിന്നുള്ള പ്രവേശന കവാടത്തിൽ ഷട്ടർ പൂട്ടിക്കിടന്നതിനാൽ സമീപത്തെ സഫിയാ കോംപ്ലക്സ് കെട്ടിടത്തിന്‍റെ മതിൽക്കെട്ടിൽ ചവിട്ടിയാണ് മോഷണം നടന്ന ഒന്നാംനിലയിലേക്ക് കള്ളൻമാർ കടന്നത്.

ഷട്ടറിന്‍റെ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. ഷട്ടറിന് പിന്നിലെ ചില്ലുവാതിൽ പൂട്ടിയിരുന്നില്ല. ഓൺലൈൻ രജിസ്ട്രേഷൻ സ്ഥാപനത്തിൽനിന്ന് ലാപ്ടോപ്പും ഡിജിറ്റൽ കാമറയും രണ്ട് കാമറ ഫ്ലാഷുകളും മേശവലിപ്പിലുണ്ടായിരുന്ന 2600 രൂപയും കവർന്നു. ഇവിടെ നിന്നെടുത്ത ചവിട്ടിയും രണ്ട് കർട്ടനുകളും സ്ക്രൂഡ്രൈവറും മോഷണം നടന്ന ക്യാമറാസ്കാനിൽ കിടപ്പുണ്ടായിരുന്നു. വടുതല സ്വദേശി ആർ. വിജയകുമാറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

കാമറാ സർവിസ് കടയുടെ കിഴക്കുവശത്തെ കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചശേഷം ചില്ലുപാളി മുറിച്ചു മാറ്റിയാണ് മോഷണ സംഘം അകത്തുകടന്നത്. കടയിൽ അറ്റകുറ്റപ്പണിക്കായി ചെറുതും വലുതുമായി 253 ഓളം പഴയ ചെറിയ കാമറകൾ ഉണ്ടായിരുന്നതായും ഇവ മോഷണം പോയതായും കടയിലെ ജീവനക്കാരൻ എ.കെ. പ്രദീപ്കുമാർ പറയുന്നു.

സ്പെയർപാർട്സ് കിട്ടാത്തതിനാൽ ആൾക്കാർ തിരികെയെടുക്കാതെ വർഷങ്ങളായി ഇവിടെ സൂക്ഷിച്ചിരുന്ന കാമറകളും ഇതിലുൾപ്പെടും. മേശവലിപ്പിൽ നിന്നു പതിനായിരം രൂപ കവർന്നു. കടയുടെ ഉൾവശത്തുണ്ടായിരുന്ന സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കൈവശപ്പെടുത്തിയാണ് കടന്നത്.

കോട്ടയം പള്ളം സ്വദേശി എബി കെ. ജോർജിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മോഷ്ടാക്കളുടെ ദൃശ്യം മെട്രൊ ടവറിന് താഴെയുള്ള കടയുടെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരൻ, എറണാകുളം എ.സി.പി ജയകുമാർ ചന്ദ്രമോഹനൻ, സെൻട്രൽ ഇൻസ്പെക്ടർ ജയശങ്കർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പൊലീസ് നായും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.

Tags:    
News Summary - Theft in city shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.