കാഞ്ഞങ്ങാട്: കഴിഞ്ഞ 15ന് പടന്നക്കാട് നിന്നും നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ച് കടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജു വെള്ളൂർ, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാൽ എന്നിവർ ചേർന്നാണ് വിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കിയത്. നെല്ലിക്കട്ട ചെന്നടുക്കയിലെ സി.എം. ഇബ്രാഹിം ഖലീലാണ് (43) അറസ്റ്റിലായത്. വൈകീട്ട് ആയുർവേദ ആശുപത്രി റോഡിലൂടെ നടന്നുപോവുകയായിരുന്ന
വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (65) ആഭരണമാണ് തട്ടിയെടുത്തത്. മൂന്നരപ്പവൻ ആഭരണമായിരുന്നു കവർന്നത്. കറുത്ത കോട്ട് ധരിച്ചെത്തിയ പ്രതി മാല പൊട്ടിച്ചെന്ന വിവരം മാത്രമാണ് തുടക്കത്തിൽ പൊലീസിന് ലഭിച്ചത്. ഈ കേസിൽ പ്രദേശത്തുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും തുമ്പുകിട്ടിയില്ല.
കറുത്ത കോട്ട് ധരിച്ച് ബൈക്കിൽ കടന്ന പ്രതി സഞ്ചരിച്ച റൂട്ട് കണ്ടെത്താനായി പിന്നീട് പൊലീസ് ശ്രമം. 43 കിലോമീറ്റർ സി.സി.ടി.വി കാമറകളെ പിന്തുടർന്ന് നൂറിലേറെ കാമറകൾ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയുന്ന ഒരുചിത്രവും കിട്ടിയില്ല. സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വിദൃശ്യം പരിശോധിക്കുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്നുപോകുന്ന കോട്ട് ധരിച്ച മോഷ്ടാവിന്റെ ദൃശ്യം കാണാനിടയായത് അന്വേഷണത്തിൽ വഴിത്തിരിവായി. ബസിനെ തേടിപ്പിടിച്ച അന്വേഷണസംഘം ബസിലെ സി.സി.ടി.വി കാമറ പരിശോധിച്ചതോടെ കൂടുതൽ വ്യക്തതയുള്ള ചിത്രം കിട്ടി. തുടർന്ന് പ്രതി ചെർക്കളവരെ എത്തിയതായും തുടർന്ന് ബദിയഡുക്കയിലെത്തിയതായും കണ്ടെത്തി. ഇവിടെ കടയിൽ കയറി സാധനം വാങ്ങുന്ന സമയം കോട്ടും ഹെൽമറ്റും ഊരിയതോടെ ഇവിടെയുള്ള സി.സി.ടി.വിയിൽ പ്രതിയുടെ മുഖം തിരിച്ചറിയുകയായിരുന്നു. തുടർന്ന് പ്രതിയുടെ പേരുവിവരവും മൊബൈൽ നമ്പറും നാട്ടുകാരുടെ സഹായത്തോടെ മനസ്സിലാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഞായറാഴ്ച പുലർച്ചെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. മുംബൈയിൽ കള്ളനോട്ട് കേസുമായി അറസ്റ്റിലായ പ്രതി എട്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കടബാധ്യത തീർക്കാനാണ് പിടിച്ചുപറി തിരഞ്ഞെടുത്തതെന്നാണ് ചോദ്യംചെയ്യലിൽ പൊലീസ് പറഞ്ഞത്. കാഞ്ഞങ്ങാട്ടെത്തി മൂന്ന് ദിവസമായ പ്രതി കാഞ്ഞങ്ങാടും പരിസരങ്ങളിലും കറങ്ങി നടന്നശേഷമാണ് സരോജിനിയുടെ ആഭരണം കവർന്നത്.
ഹോസ്ദുർഗ് പൊലീസിന്റെ ചോദ്യംചെയ്യലിൽ ജില്ലയിൽ നടന്ന ഒമ്പത് പിടിച്ചുപറികൾക്ക് പിന്നിലും ഇതേ പ്രതിയാണെന്ന് വ്യക്തമായി.
കഴിഞ്ഞ ഒരുവർഷമായി പൊലീസിന്റെ ഉറക്കംകെടുത്തിയ പ്രതിയാണ് പിടിയിലായത്. കൂലിപ്പണിയെടുത്ത് സമ്പാദിച്ച സ്വർണമാല തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സരോജിനിയമ്മ. അതിവിദഗ്ധമായ അന്വേഷണത്തിലൂടെ കുപ്രസിദ്ധ പിടിച്ചുപറിക്കാരനെ പിടികൂടാനായ സന്തോഷത്തിലാണ് പൊലീസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.