പിടിയിലായവർ

മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

മുണ്ടക്കയം: എം.ഡി.എം.എയുമായി മൂന്നുപേര്‍ കോസടിയില്‍ പിടിയിലായി. കോരുത്തോട്, ആലഞ്ചേരി വീട്ടില്‍ അരുണ്‍ ജോണ്‍ (22), കോരുത്തോട് കളപ്പുര തൊട്ടിയില്‍ അനന്തു കെ.ബാബു (22), കോരുത്തോട് തോണിക്കവയലില്‍ ജിഷ്ണു സാബു (27) എന്നിവരെയാണ് പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. അർധരാത്രി 12.05ഓടെ കോസടി കള്ളുഷാപ്പുപടിയില്‍വെച്ചാണ് സംഘത്തെ പിടികൂടിയത്. രാത്രിയിൽ എക്‌സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ ചോദ്യംചെയ്യുന്നതിനിടെയാണ് 2.5 ഗ്രാം എം.ഡി.എം.എയും 2.5 ഗ്രാം കഞ്ചാവും പിടികൂടിയത്.

ഇരുചക്ര വാഹനവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ലഹരിവസ്​തുക്കൾ മേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന്​ എക്സൈസ് സംഘം പറഞ്ഞു. കേസില്‍ അറസ്റ്റിലായ ജിഷ്ണു മുമ്പ് കഞ്ചാവ്​ കടത്തിയ കേസിലും പ്രതിയാണെന്ന്​ എക്‌സൈസ് അറിയിച്ചു. എം.ഡി.എം.എ എവിടെനിന്ന് വാങ്ങിയതാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. ഇതില്‍ ഒരാള്‍ ലോറി ഡ്രൈവറാണ്, ഇയാളാണ് സംഘത്തിന്​ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതെന്നാണ് സൂചന.

മേഖലയില്‍ ലഹരിവസ്തുക്കളുടെ വിൽപന സജീവമായതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ്​ സംഘം കുടുങ്ങിയത്. പുറത്തുനിന്നെത്തിയ സംഘം മേഖലയിലെ ഒരു സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കയറി കഞ്ചാവ്​ കൈമാറുകയും അധ്യാപകര്‍ ഇതിന്റെ ഫോട്ടോയെടുത്ത്​ അധികൃതർക്ക്​ കൈമാറുകയും ചെയ്തിരുന്നു. 

എ.ഇ.ഐ ഗ്രേഡ് ടോജോ ടി.ഞള്ളിയില്‍, പ്രിവന്റിവ് ഓഫിസര്‍ കെ.എന്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. വികാസ്, അഫ്‌സല്‍ കരീം, ഡ്രൈവര്‍ എം.കെ. മുരളീധരന്‍ എന്നിവര്‍ ഉൾപ്പെട്ട സംഘമാണ്​ പ്രതികളെ പിടികൂടിയത്​. പ്രതികളെ റിമാന്‍ഡ് ചെയ്തു.


Tags:    
News Summary - Three people arrested with drugs and ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.