തൊടുപുഴ: ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ പിടിയിൽ. അഞ്ചിരി ഇഞ്ചിയാനി കേളകത്ത് വീട്ടിൽ കുര്യാക്കോസ് (47), പാലപ്പിള്ളി പാലക്കുന്നേൽ വീട്ടിൽ ജോൺസ് (56), മടക്കത്താനം മണിയന്തടം പുൽക്കുന്നേൽ വീട്ടിൽ കൃഷ്ണൻ (60) എന്നിവരെയാണ് വനം വകുപ്പ് വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡും ഇന്റലിജൻസ് സെല്ലും ചേർന്ന് പിടികൂടിയത്. പുരാവസ്തുവെന്ന പേരിൽ ആനക്കൊമ്പ് ശിൽപങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരത്തെ വനം വകുപ്പ് ഇന്റലിജൻസ് സെല്ലിനാണ് വിവരം ലഭിച്ചത്. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ ശിൽപങ്ങളടക്കമുള്ള വസ്തുക്കൾ കണ്ടെത്തി.
ശിൽപങ്ങൾ വാങ്ങാനെന്ന പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ടത്. ശിൽപങ്ങളുടെ ചിത്രവും ഫോണിലൂടെ കൈമാറി. വില പേശലിൽ 25 ലക്ഷം രൂപയാണ് ചോദിച്ചത്. തുടർന്ന് പണം നേരിട്ട് നൽകാൻ ധാരണയായി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ഇഞ്ചിയാനിയിലെ റബർ തോട്ടത്തിനുള്ളിലെ ജോൺസിന്റെ കെട്ടിടത്തിൽ ഇന്റലിജൻസ് സംഘം എത്തുകയായിരുന്നു. ശിൽപങ്ങൾ ആനക്കൊമ്പിലാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം സമീപത്ത് കാത്തുനിന്ന വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു.
ഇവരും കൂടിയെത്തിയാണ് പ്രതികളെ പിടികൂടിയത്. പുരാവസ്തുക്കളെന്ന പേരിൽ വസ്തുക്കളും വിഗ്രഹങ്ങളും പ്രതികൾ കച്ചവടം ചെയ്യാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു.
ഇതിന്റെ മറവിൽ ആനക്കൊമ്പ് വിൽക്കാനാണ് ശ്രമിച്ചത്. പിടിച്ചെടുത്ത ലോഹവസ്തുക്കൾ പുരാവസ്തുവാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരടിയോളം വലുപ്പമുള്ള രണ്ട് ആനക്കൊമ്പ് ശിൽപങ്ങളാണ് പിടിച്ചെടുത്തത്. ഇവ തൊടുപുഴയിലെ ഒരു ഉന്നതൻ വഴിയാണ് പ്രതികൾക്ക് കിട്ടിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. പരിശോധനകൾക്ക് ശേഷമേ കൊമ്പുകളുടെ പഴക്കം നിർണയിക്കാൻ കഴിയു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.ടി. ബിനീഷ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) ഇ.ബി. ഷാജുമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സി. സുജിത്, കെ.എ. സക്കീർ, ഉദ്യോഗസ്ഥരായ കെ.എം. നൗഷാദ്, പി.എ. അഭിലാഷ്, കെ. നിധീഷ്, എ.കെ. ശ്രീശോഭ് തുടങ്ങിയവർ അന്വേഷണം സംഘത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.