കഠിനംകുളം: കഠിനംകുളത്ത് തോക്കുകളും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടുപേർ പിടിയിൽ. മൂന്ന് തോക്കുകൾ, വടിവാൾ, കത്തി, കഠാര തുടങ്ങിയവ പൊലീസ് പിടികൂടി. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31), കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്.
ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനുസമീപം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡ് വശത്ത് നിൽക്കുകയായിരുന്ന യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്ന്, ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ കത്തിയുമായി യുവാക്കളെ ആക്രമിക്കാനിറങ്ങി. കത്തിവീശി ആക്രോശിച്ച് ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു.
ബഹളം കേട്ട് നാട്ടുകാർ കൂടുതലെത്തിയതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സംഘത്തിലുണ്ടായിരുന്ന ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കുൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
കണിയാപുരം സ്വദേശി മനാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ട് തോക്കുകൾ പൊലീസ് കണ്ടെടുത്തത്. പിടികൂടിയതിൽ ഒരു തോക്ക് ബ്രസീൽ നിർമിതമാണ്. തോക്ക് വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് മനാൽ പൊലീസിനോട് പറഞ്ഞു. പിടിയിലായ ഷാഹുൽ ഹമീദ് ബലാത്സംഗമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പിടികൂടിയ തോക്കുകളിൽ ഒന്ന് വെടിയുണ്ടകൾ നിറച്ചതായിരുന്നു. ഇവക്ക് ലൈസൻസ് ഇല്ലെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച വിദേശത്തേക്കുപോയ ഒരാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷനുമായിട്ടാണ് എത്തിയതെന്നാണ് പ്രതികൾ പറഞ്ഞത്.
എന്നാൽ, ഒളിവിൽ പോയ ഫവാസിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.