കുന്നംകുളം: നഗരത്തിൽ രണ്ടിടത്തായി കിടന്നുറങ്ങിയ രണ്ടുപേർക്ക് വെട്ടേറ്റു. പ്രതിയായ മനോനില തെറ്റിയയാൾ അറസ്റ്റിൽ. വെട്ടേറ്റ കൊട്ടാരക്കര സ്വദേശി പൊഴുവയിൽ രാജൻ (59), ബിഹാർ സ്വദേശി തേജ്നാഥ് (40) എന്നിവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വന്നൂർ പന്തല്ലൂർ സ്വദേശി ഷൺമുഖനെയാണ് (48) കുന്നംകുളം എസ്.ഐ ഡി. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പ് ഗുരുവായൂരിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി കുന്നംകുളം താഴത്തെ പാദയിൽ ഭാവന തിയറ്ററിന് സമീപം മരച്ചുവട്ടിലാണ് കിടന്നുറങ്ങിയിരുന്നത്.
വെട്ടേറ്റ രാജൻ ഗുരുവായൂർ റോഡിൽ നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കടവരാന്തയിലാണ് കിടന്നിരുന്നത്. ബിഹാർ സ്വദേശിക്കാണ് ആദ്യം വെട്ടേറ്റതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വലത് തോളിന് താഴെയാണ് വെട്ടേറ്റത്. രാജെൻറ കഴുത്തിലാണ് വെട്ടേറ്റത്.
വെട്ടേറ്റ രാജൻ ഗുരുവായൂർ റോഡിലൂടെ നടന്ന് ചാട്ടുകുളത്തെത്തിയതോടെ ദേഹത്ത് രക്തം കണ്ട് ചോദിച്ചറിഞ്ഞവരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. രാജനും കൂലിപ്പണിക്കാരനാണ്. വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.
കഞ്ചാവ് ഉൾപ്പെടെ ലഹരിക്ക് അടിമപ്പെട്ട പ്രതി അഞ്ചു വർഷം മുമ്പ് ഗുരുവായൂർ റോഡിലെ ഇതേ വ്യാപാര സമുച്ചയ വരാന്തയിൽ കിടന്നുറങ്ങിയ ഭിക്ഷാടകനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. വർഷങ്ങൾക്ക് മുമ്പ് സ്വന്തം പിതാവിനെ ഉളികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ബസ് സ്റ്റാൻഡിനു മുന്നിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ ഇയാൾ ചവിട്ടി വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.