ഉംറക്ക് പോകുന്നതിനായി പാസ്​പോർട്ട് വെരിഫിക്കേഷന് എത്തിയപ്പോൾ യു.പി പൊലീസ് ‘അബദ്ധത്തിൽ’ തലക്ക് വെടിവെച്ച സ്ത്രീ മരിച്ചു -വിഡിയോ

​ലഖ്നോ: യു.പിയിൽ ഉംറക്ക് പോകുന്നതിനായി പാസ്​പോർട്ട് വെരിഫിക്കേഷന് സ്റ്റേഷനിലെത്തിയപ്പോൾ ‘അബദ്ധത്തിൽ’  പൊലീസുകാരന്റെ വെടിയേറ്റ സ്ത്രീ മരിച്ചു. അലിഗഡ് ആശുപത്രിയിൽ വെച്ചാണ് തലക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചത്. ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു അവർ.

പാസ്​പോർട്ട് വെരി​ഫിക്കേഷനായി ഡിസംബർ എട്ടിന് അലിഗഡ് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് ഇവരുടെ തലക്ക് വെടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി കാമറകളിൽ പതിച്ചിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അബദ്ധത്തിൽ വെടിയേറ്റെന്നാണ് സംഭവത്തെക്കുറിച്ച് അധികൃതരുടെ ഭാഷ്യം.

എസ്.ഐയുടെ മുന്നിൽ സ്ത്രീ നിൽക്കുന്നത് വിഡിയോയിൽ കാണാം. കുറച്ചുസമയം കഴിഞ്ഞ് ഒരു പൊലീസുകാരൻ വന്ന് എസ്.ഐ മനോജ് ശർമക്ക് തോക്ക് കൊടുക്കുകയും അയാളുടെ കൈയിൽനിന്ന് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടി ഉതിരുകയുമായിരുന്നു. വെടി ഉതിരുന്നതിന് തൊട്ടുമുമ്പ് മനോജ ശർമ പിസ്റ്റൾ ലോഡ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.  വെടിയേറ്റയുടൻ സ്ത്രീ നിലത്തേക്ക് വീഴുന്നതും കാണാം. സ്ത്രീയുടെ അടുത്തേക്ക് പൊലീസുകാരൻ എത്തുന്നുമുണ്ട്. 

അതേസമയം, പാസ്​പോർട്ട് വെരിഫിക്കേഷനുവേണ്ടി സ്ത്രീ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധു ആരോപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പൊലീസുകാരൻ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് ബന്ധുവിന്റെ പരാതി. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായ മനോജ് ശർമയെ സസ്​പെൻഡ് ചെയ്തിരുന്നു. അയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മനോജ് ശർമ ഒളിവിലാണ്.

Tags:    
News Summary - Umrah aspirant ‘accidentally’ shot in the head by UP cop dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.