അമ്പലപ്പുഴ: കരൂരില്‍ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ ഐവാട്ടുശ്ശേരി ജയചന്ദ്രനെയാണ് (53) വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയത്. സ്ത്രീകളുടെ വലിയ പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്.
കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് തെളിവായി ലഭിച്ചിരുന്നത്. തുടരന്വേഷണത്തിന് കേസ് കഴിഞ്ഞദിവസം അമ്പലപ്പുഴ പൊലീസിന് കൈമാറിയിരുന്നു. കൃത്യം നടന്ന സമയം പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, കരുനാഗപ്പള്ളിയിൽനിന്ന് ജയചന്ദ്രനൊപ്പം വിജയലക്ഷ്മി പോരുമ്പോൾ കൈയിൽ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങൾ, കൊല നടത്തിയശേഷം വിജയലക്ഷ്മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ എത്തിച്ചതായി പറയുന്ന കയർ, കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി എന്നിവ പൊലീസ് കണ്ടെത്തി. വിജയലക്ഷ്മി അണിഞ്ഞിരുന്ന 4.5 പവനോളം ആഭരണങ്ങൾ കണ്ടെത്താനായില്ല. ഇത് ആലപ്പുഴയിലെ ജ്വല്ലറിയിൽ ജയചന്ദ്രൻ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവ ശനിയാഴ്ച കണ്ടെത്തുമെന്ന് സി.ഐ എം. പ്രതീഷ് പറഞ്ഞു.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ കഴിഞ്ഞ 17നാണ് ജയചന്ദ്രൻ ഇയാളുടെ കരൂരിലെ വീട്ടിൽ കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ജയചന്ദ്രനുമായി അടുപ്പത്തിലായ വിജയലക്ഷ്മിയെ ആറുമുതലാണ് കാണാനിെല്ലന്ന് അറിയിച്ച് സഹോദരി പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.