ഇരിക്കൂർ (കണ്ണൂർ): പടിയൂർ ആര്യങ്കോട് കോളനിയിലെ വിഷ്ണു കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ അയൽവാസി അറസ്റ്റിൽ. വെട്ടിക്കൽ പാപ്പച്ചനെയാണ് (72 ) ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് വിഷ്ണുവിന് കുത്തേറ്റത്. അർധബോധാവസ്ഥയിലായ വിഷ്ണുവിനെ നാട്ടുകാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വിഷ്ണുവിന്റെ മാതാവ് രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്തു പോവുമ്പോളായിരുന്നു വിഷ്ണു വീട്ടിലേക്ക് വന്നത്. മാതാവ് തിരിച്ച് വരുമ്പോഴേക്കും മകനെ കുത്തേറ്റ നിലയിലാണ് കണ്ടത്. സംശയാസ്പദമായ സാഹചര്യത്തിൽ അയൽവാസി പാപ്പച്ചനെ കണ്ടുവെന്ന മാതാവിന്റെ മൊഴി പ്രകാരം ഇരിക്കൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, ഇരിക്കൂർ എസ്.ഐ എം.വി. ഷിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയായ പാപ്പച്ചനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി തന്നെ ഇരിക്കൂർ പൊലീസ് പാപ്പച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും തമ്മിൽ മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ വിഷ്ണു വരാന്തയിൽ കിടക്കുമ്പോഴാണ് പാപ്പച്ചൻ കത്തികൊണ്ട് വിഷ്ണുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിഷ്ണു ടിമ്പർ തൊഴിലാളിയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഊരത്തൂർ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. പാപ്പച്ചനെ മട്ടന്നൂർ ജെ.സി.എം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.