വൈപ്പിൻ: വനിതാ ഒാട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ -22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുകപറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന്‍റെ പ്രധാന സൂത്രധാരനായ ഓട്ടോ ഡ്രൈവറുടെ ബന്ധു സജീഷിനെയും ക്വട്ടേഷൻ സംഘത്തിലെ ഒരാളെയും കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിൽ രണ്ടുതവണയാണ് സജീഷ് പൊലീസിന്‍റെ ൈകയിൽനിന്ന് രക്ഷപ്പെട്ടത്. മാള ആനപ്പാറ ഭാഗത്തുനിന്നും ഇയാളെ രക്ഷപ്പെടുത്താൻ സഹായിച്ച വിപിൻ എന്നയാളെ പൊലീസ് കേസിൽ പ്രതി ചേർത്തു. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. മർദിക്കാൻ ഉപയോഗിച്ച ചുറ്റിക പ്രദേശത്ത് നിന്ന് കണ്ടെടുത്തു.
സംഭവശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം മുംബൈയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് പള്ളത്താംകുളങ്ങര സ്റ്റാൻഡിൽനിന്നാണ് മനു ഓട്ടം വിളിച്ചത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അപകടത്തിൽപെട്ട് കിടക്കുന്ന സുഹൃത്തിനെ കാണാനെന്നുപറഞ്ഞ് ഓട്ടം വിളിക്കുകയായിരുന്നു. പിന്നീട് ചെറായി ഭാഗത്ത് നിന്നും അഗിനെയും സംഘത്തിലുണ്ടായിരുന്ന ഡാനിയൽ ജോസഫിനെയും കയറ്റി ചാത്തങ്ങാട് ബീച്ച് ഭാഗത്തെത്തിച്ച് ആക്രമിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മുനമ്പം ഡിവൈ.എസ്.പി എൻ.എസ്. സലീഷ്, ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ കുഞ്ഞുമോൻ തോമസ്, ബിജു, എ.എസ്.ഐ സി.എ. ഷാഹിർ, എസ്.സി.പി.ഒ മാരായ റെജി തങ്കപ്പൻ, എ.യു. ഉമേഷ്, സി.പി.ഒമാരായ വി.എസ്. സ്വരാഭ്, ശരത് ബാബു, കെ.ജി. പ്രീജൻ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.