വർക്കല: പിഞ്ചുമക്കളെ ഉപേക്ഷിച്ചുപോയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ. വർക്കല രഘുനാഥപുരം ബി.എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് രണ്ട് സ്ത്രീകൾക്കൊപ്പം തമിഴ്നാട്ടിലെ കുറ്റാലത്തുള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത്. പള്ളിക്കൽ സ്വദേശികളും ഭർതൃമതികളുമായ സ്ത്രീകളാണ് പിഞ്ചു മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയത്.
കഴിഞ്ഞ 26ന് രാത്രിയിലാണിവർ കാമുകന്മാർക്കൊപ്പം കാറിൽ നാടുവിട്ടത്. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇവരിൽ നിന്നും സ്വർണവും പണവും കൈക്കലാക്കുകയും സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയുമായിരുന്നു ഷാനും റിയാസും.
ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുമുള്ള മൂന്നു മക്കളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. പിഞ്ചു കുട്ടികൾ അമ്മമാരെ കാണാതെയും മനോവിഷമത്താൽ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയിലായിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ പ്രത്യേക നിർദേശപ്രകാരം ഡി.വൈ.എസ്.പി. പി. നിയാസിന്‍റെ നേതൃത്വത്തിൽ പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ സഹിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീവ്, സി.പി.ഒ ഷമീർ, അജീഷ്, മഹേഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ, ഷംല എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളായ ഷാന് ഏഴുകോൺ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലും റിയാസിന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തൻകോട് എന്നീ പൊലീസ് സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ട്. കടത്തിക്കൊണ്ടുപോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന് അവരുടെ ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് ബാലസംരക്ഷണ നിയമ പ്രകാരം സ്ത്രീകൾക്കെതിരെയും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പിടിയിലായ നാലു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.