തൊഴിലാളിയുടെ മരണം: കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്, മൂന്ന് എറണാകുളം സ്വദേശികൾ അറസ്റ്റിൽ

കാസർകോട്:കഴിഞ്ഞ ശനിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിന് സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് നാട് മധുര സ്വദേശി രമേശ​െൻറ (42) മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെപി ബൈജു (54), എറണാകുളം കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ ഫൈസൽ (43), എറണാകുളം നോർത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡാനിയൽ ബെന്നി (42) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ആവശ്യപ്പെട്ട കൂലി രമേശൻ നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'കോട്ടപ്പുറം - കടിഞ്ഞിമൂല പാലത്തി​െൻറ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും അടക്കം 11പേരാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതികൾ തന്നെ പ്രദേശവാസികളെ വിളിച്ച് തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയ സ്തംഭനം മൂലം മരിച്ചുകിടക്കുന്നതായി അറിയിച്ചു.

പ്രദേശവാസികൾ നീലേശ്വരം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർടത്തിൽ തലക്കടിയേറ്റാണ് മരണകാരണമെന്ന് വ്യക്തമായതോടെ വാടക വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസി​െൻറ ചുരുൾ അഴിഞ്ഞത്. ഒന്നാം പ്രതി കെ.പി. ബൈജു എറണാകുളം ജില്ലയിലെ തോപ്പുംപടി, ഐലൻഡ് ഹാർബർ, വൈപ്പിൻ, എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണ്'.

ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, നീലേശ്വരം ഇൻസ്‌പെക്ടർ പ്രേംസദൻ, എസ്ഐ ശ്രീജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ ഗിരീഷ്, മഹേഷ്‌, സി പി ഒമാരായ പ്രബീഷ്, ഷാജിൽ, ഷിജു, ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് 24 മണിക്കൂറിനുള്ളിൽ  പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Worker's death: Police found it to be murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.